ഗോരഖ്പൂര്: റൊട്ടി ഉണ്ടാക്കാന് വൈകിയതിനെച്ചൊല്ലിയുണ്ടായ തര്ക്കത്തെത്തുടര്ന്ന് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ച് ഭര്ത്താവ്. ഡിസംബര് 20-ന് രാത്രി ഗോരഖ്നാഥ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ശാസ്ത്രി നഗര് പ്രദേശത്താണ് സംഭവം നടന്നത്. ലഖ്നൗവില് ഡ്രൈവറായ ലാല്ചന്ദ് സഹാനി(30)ക്കെതിരെ ഭാര്യ രാധിക പരാതി നല്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് പരാതി രജിസ്റ്റര് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള് തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള് ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില് പറയുന്നു.
സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ലാല്ചന്ദ് വീട്ടിലെത്തി രാധികയോട് റൊട്ടി ഉണ്ടാക്കാന് ആവശ്യപ്പെട്ടു. വീട്ടുജോലികള് പൂര്ത്തിയാക്കുന്ന തിരക്കിലായിരുന്നതിനാല് ഭക്ഷണം ഉണ്ടാക്കാന് വൈകി. വൈകിയതിനാല് കോപാകുലനായ ലാല്ചന്ദ് അടുക്കളയില് കയറി ഒരു തവ എടുത്ത് മര്ദിക്കാന് തുടങ്ങിയെന്ന് രാധിക ആരോപിച്ചു.
അമ്മയുടെ കരച്ചില് കേട്ട് നാലു വയസ്സുള്ള മകന് മുറിയിലേക്ക് ഓടിക്കയറി. ലാല്ചന്ദ് അതേ തവ ഉപയോഗിച്ച് കുട്ടിയുടെ തലയില് അടിച്ചതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കുട്ടിയെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം പ്രതി രാധികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ലാല്ചന്ദ് സഹാനിയെ പിടികൂടാനുള്ള ശ്രമങ്ങള് തുടരുകയാണെന്ന് ഗോരഖ്നാഥ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ശശിഭൂഷണ് റായ് പറഞ്ഞു.
Content Highlights: UP Man Hits Wife and 4 Year Old Son With Hot Tava Over Delay In Serving Roti