ചെന്നൈ: സാധനങ്ങള് വാങ്ങാന് ആളുകള് ഓണ്ലൈന് ഷോപ്പിങ് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നത് സര്വ സാധാരണമാണ്. പാലും പച്ചക്കറിയും തുടങ്ങി ക്രിസ്മസിന് വീട് അലങ്കരിക്കാനുള്ള സാധനങ്ങള് വരെ ഇന്സ്റ്റാമാര്ട്ട് പോലുള്ള ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് നിന്ന് നമ്മള് വാങ്ങാറുണ്ട്. എന്നാല് ചെന്നൈയില് നിന്നുള്ള ഒരു ഉപഭോക്താവ് ഇന്സ്റ്റാമാര്ട്ട് വഴി ഈ വര്ഷം മാത്രം വാങ്ങിയത് ഒരു ലക്ഷം രൂപയുടെ കോണ്ടമാണ്. സ്വിഗ്ഗിയുടെ വാര്ഷിക കണക്കുകള് പുറത്തുവന്ന കൂട്ടത്തിലാണ് ഇക്കാര്യവും പുറത്തുവിട്ടത്.
കോണ്ടം വാങ്ങിയ ആള് സ്ത്രീയോ, പുരുഷനോ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളൊന്നും പ്ലാറ്റ്ഫോം പുറത്തുവിട്ടിട്ടില്ല. 1,06,398 രൂപയ്ക്ക് 228 പ്രാവശ്യമാണ് ഉപഭോക്താവ് കോണ്ടം വാങ്ങിയത്. ഇന്സ്റ്റാമാര്ട്ടിലൂടെ ഏറ്റവുമധികം വിറ്റുപോകുന്ന വസ്തുക്കളിലൊന്നാണ് കോണ്ടമെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. ഇന്സ്റ്റാമാര്ട്ട് വഴിയുള്ള 127 ഓര്ഡറുകളില് ഒന്ന് കോണ്ടമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്ക്. സെപ്തംബറില് കോണ്ടം വില്പ്പനയില് 24 ശതമാനം വര്ധനയുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.
ഈ വര്ഷം ഇന്സ്റ്റാമാര്ട്ടില് നിന്ന് ഏറ്റവുമധികം സാധനങ്ങള് വാങ്ങിയിരിക്കുന്നത് ബെംഗളൂരു സ്വദേശിയാണ്. 4.3 ലക്ഷം രൂപ നല്കി മൂന്ന് ഐ ഫോണുകളാണ് വാങ്ങിയത്. നോയിഡ സ്വദേശിയായ മറ്റൊരാള് 2.69 ലക്ഷം രൂപ മുടക്കി ബ്ലൂട്ടൂത്ത് സ്പീക്കറും മെമ്മറി കാര്ഡും റോബോട്ടിക് വാക്വവും വാങ്ങി. വീട്ടില് വളര്ത്തുന്ന നായയ്ക്ക് കൊടുക്കാന് മാത്രം ഒരാള് 2.41 ലക്ഷം രൂപയുടെ ഭക്ഷണമാണ് വാങ്ങിയത്. ഡെലിവറി പാര്ട്നര്ക്ക് ഏറ്റവുമധികം പണം നല്കിയ സ്ഥലവും ബെംഗളൂരുവാണ്. 68,600 രൂപയാണ് ടിപ്പിനായി മാത്രം നഗരത്തിലെ ആളുകള് ചിലവഴിച്ചത്.
Content Highlight; User Spends Over 1 Lakh on Condoms in a Year