പഞ്ചാബിലെ മുൻ ഐപിഎസ് ഓഫീസർ ജീവനൊടുക്കി; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായെന്ന് കുറിപ്പ്

ജീവനൊടുക്കാൻ ശ്രമിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന അമർ സിം​ഗിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

ഛത്തീസ്ഗഡ്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പഞ്ചാബിലെ മുൻ ഐപിഎസ് ഓഫീസർ അമർ സിം​ഗ് ചഹാൽ മരിച്ചു. പട്യാലയിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന അമർ സിം​ഗിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയായി വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 16 പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

അമർ സിം​ഗിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പഞ്ചാബ് പൊലീസിലെ സീനിയർ ഓഫീസർ വരുൺ ശർമ്മ വ്യക്തമാക്കുന്നത്. 2015ൽ ഫരീദ്കോട്ടിൽ ഉണ്ടായ വെടിവെപ്പ് സംഭവത്തിലെ പ്രതികൂടിയാണ് അമർ സിം​ഗ്. 2023ലാണ് പ്രത്യേക അന്വേഷണ സംഘം അമർ സിം​ഗിനെ കേസിൽ പ്രതിചേർത്തത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിം​ഗ് ബാദൽ, സുഖ്ബീർ സിം​ഗ് ബാ​ദൽ, അമർ സിം​ഗ് ചഹൽ അടക്കമുള്ള നിരവധി പൊലീസ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചാർജ്ജ് ഷീറ്റ് നൽകിയിരുന്നു.

മുൻ ഐപിഎസ് ഓഫീസറുടെ മരണം ഉന്നത പൊലീസ് കേന്ദ്രങ്ങളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് പൊലീസ്.

Content Highlights: Former Punjab Police Officer Dies blames Online Fraud

To advertise here,contact us