

ന്യൂ ഡൽഹി: ഹിന്ദി അറിയില്ല എന്ന കാരണത്താൽ ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തി ഡൽഹിയിലെ ബിജെപി കൗൺസിലർ. പത്പർഗഞ്ച് വാർഡിലെ രേണു ചൗധരി എന്ന ബിജെപി കൗൺസിലറാണ് ഫുട്ബോൾ പരിശീലകനായ ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തിയത്. ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്ക് ഉപയോഗിക്കാൻ സമ്മതിക്കില്ല എന്നും ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നുമായിരുന്നു രേണുവിന്റെ ഭീഷണി.
സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ പാർക്കിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകിവരികയായിരുന്നു ആഫ്രിക്കൻ വംശജൻ. 15 വർഷത്തോളം ഈ രാജ്യത്തുണ്ടായിട്ടും ഹിന്ദി പഠിച്ചില്ല എന്നതായിരുന്നു രേണുവിന്റെ ഭീഷണിക്ക് കാരണം. 'നിങ്ങൾ ഇനിയും ഹിന്ദി പഠിച്ചില്ല അല്ലെ? ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കിൽ ഈ പാർക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല' എന്നാണ് രേണു ഭീഷണിപ്പെടുത്തിയത്.
ഈ സമയത്ത് ചുറ്റുമുള്ളവർ ചിരിച്ചപ്പോൾ രേണു ദേഷ്യത്തോടെ അവരോട് മിണ്ടാതെയിരിക്കാൻ പറയുന്നുണ്ട്. ' ഞാൻ വളരെ സീരിയസ് ആയാണ് സംസാരിക്കുന്നത്. ഞാൻ ഇയാളോട് എട്ട് മാസം മുൻപേ ഹിന്ദി പഠിക്കാൻ പറഞ്ഞതാണ്. ഈ രാജ്യത്തുനിന്ന് നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടങ്കിൽ, നിങ്ങൾ ഈ രാജ്യത്തെ ഭാഷയും പഠിച്ചിരിക്കണം' എന്നും രേണു പറയുന്നതായി കാണാം.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തി. പാർക്ക് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ആഫ്രിക്കൻ വംശജനോട് കോർപ്പറേഷന് പണം നൽകാൻ ആവശ്യപ്പെട്ടെന്നും തുടർന്നുണ്ടായ കാര്യങ്ങളാണ് വീഡിയോയിൽ കണ്ടത് എന്നുമായിരുന്നു രേണുവിന്റെ വിശദീകരണം. എട്ട് മാസം മുൻപ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഹിന്ദി അറിയില്ല എന്നാണ് ഇയാൾ പറഞ്ഞത്. അതിനാല് കോർപ്പറേഷൻ അധികൃതർക്ക് ഇയാളോട് വേണ്ട രീതിയിൽ സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്നും ഹിന്ദി അറിയില്ല എന്നാണ് അയാൾ പറയുന്നത് എന്നും അതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുമാണ് രേണു പറയുന്നത്. പിന്നാലെ താൻ തന്നെ ഹിന്ദി പഠിപ്പിക്കാനായി ഒരാളെ ഏർപ്പാടാക്കാമെന്നും വിദേശികൾ ഹിന്ദി സംസാരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല എന്നും രേണു പറഞ്ഞു.
Content Highlights: bjp councillor threatens african national as he doesnt learn hindi