പെൺകുട്ടിയെ ശല്യംചെയ്ത് ആൺകുട്ടികൾ;നല്ല സംസ്കാരം പഠിപ്പിച്ചില്ലെന്ന പേരിൽ അമ്മമാരെ അറസ്റ്റുചെയ്ത് യുപി പൊലീസ്

13 വയസുള്ള ആൺകുട്ടികളുടെ അമ്മമാരെയാണ് പോക്സോ വകുപ്പ് അടക്കം ചുമത്തി അറസ്റ്റ് ചെയ്തത്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യംചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് പൊലീസ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മക്കൾക്ക് നല്ല സംസ്‌കാരവും ധാർമികമൂല്യങ്ങളും പഠിപ്പിച്ചുനൽകിയില്ലെന്നും അതിന് അമ്മമാരാണ് ഉത്തരവാദികളെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നാല് ആൺകുട്ടികൾ അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടരുകയായിരുന്നു. ഇതോടെ പെൺകുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആൺകുട്ടികൾ 13 വയസിൽ താഴെയുള്ളവരാണെന്ന് കണ്ടെത്തിയതോടെ രക്ഷിതാക്കൾക്ക് നോട്ടീസ് അയക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്കുള്ള കൃത്യമായ സന്ദേശമാണ് അറസ്റ്റിലൂടെ ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ആൺകുട്ടികളുടെ അമ്മമാരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ അച്ഛന്മാർ യുപിക്ക് പുറത്തായതിനാലാണ് അമ്മമാരെ അറസ്റ്റ് ചെയ്തത്. വേണ്ടിവന്നാൽ അച്ഛന്മാരെയും അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ അജയ് പാൽ സിങ് പറഞ്ഞു. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധവുമായി നിയമവിദഗ്ധരടക്കം രംഗത്തെത്തി.

Content Highlights: up police arrested mothers after their sons harassed 8 th class girl

To advertise here,contact us