'ഭരണഘടനയുടെ അംഗീകാരമൊന്നും വേണ്ട, ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ'; അവകാശവാദവുമായി മോഹൻ ഭാഗവത്

ഭരണഘടന ഭേദഗതി ചെയ്താലും ഇല്ലെങ്കിലും തങ്ങൾക്ക് ഒരു കുഴപ്പമില്ല എന്നും ഹിന്ദു രാഷ്ട്രം സത്യമാണെന്നും മോഹൻ ഭാഗവത്

കൊൽക്കത്ത: ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയെന്നും അതിന് ഭരണഘടനയുടെ അനുമതിയൊന്നും ആവശ്യമില്ലെന്നും ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത്. ആർഎസ്എസിന്റെ 100-ാം വർഷം ആഘോഷിക്കുന്ന ഒരു പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ ഈ പരാമർശം.

'സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്. അത് എപ്പോൾ തൊട്ടാണെന്ന് നമുക്ക് അറിയുമോ? അത് വിശ്വസിക്കാൻ ഭരണഘടനയുടെ അംഗീകാരം വേണമോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദുരാജ്യമാണ്. ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവർ ഈ രാജ്യത്തെ സംസ്കാരത്തെ വിലമതിക്കുന്നവരാണ്. പൂർവികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഈ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്.'; മോഹൻ ഭാഗവത് പറഞ്ഞു

ഭരണഘടന ഭേദഗതി ചെയ്താലും ഇല്ലെങ്കിലും തങ്ങൾക്ക് ഒരു കുഴപ്പമില്ല എന്നും ഹിന്ദു രാഷ്ട്രം സത്യമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ഇതേ ചടങ്ങിൽ ലിവ് ഇൻ റിലേഷനുകൾക്കെതിരെയും മോഹൻ ഭാഗവത് വിമർശനമുന്നയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെടുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കാത്തവരാണെന്നും അത് ശരിയല്ല എന്നും പറഞ്ഞ മോഹൻ ഭാഗവത് വിവാഹം കഴിക്കാൻ താത്പര്യമില്ലെങ്കിൽ സന്യാസികളാകാം എന്നും പറഞ്ഞു. കുടുംബം, വിവാഹം എന്നത് ശാരീരിക സംതൃപ്‌തിയുടെ ഒരു മാർഗ്ഗമല്ല. അത് സമൂഹത്തിൽ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ട കാര്യമാണിത് എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തിരുന്നു.

ഒരു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണമെന്ന വാദത്തിലും മോഹൻ ഭാഗവത് ഉറച്ചുനിൽക്കുകയായിരുന്നു. ഇത്തരത്തിൽ മൂന്ന് കുട്ടികൾ ഉള്ളത് ആളുകളെ അവരുടെ അഹങ്കാരം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. 19 മുതൽ 25 വരെയുള്ള പ്രായത്തിൽ വിവാഹം നടക്കുകയും മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

To advertise here,contact us