വിജയ്ക്ക് പ്രബലരുടെ അംഗബലമേറുന്നു; കരൂർ ദുരന്തത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യൂട്യൂബർ ടിവികെയിൽ

വിജയ്‌യെ തമിഴ്‌നാടിന്റെ പ്രതീക്ഷയെന്നും, പ്രിയപ്പെട്ട കോമ്രേഡ് എന്നുമാണ് ഫെലിക്സ് വിശേഷിപ്പിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്ത യൂട്യൂബറും ഡിഎംകെയുടെ കടുത്ത വിമർശകനുമായ ഫെലിക്സ് ജെറാൾഡ് തമിഴക വെട്രി കഴകത്തിൽ ചേർന്നു. വിജയ്‌യിൽ നിന്ന് നേരിട്ടാണ് ഫെലിക്സ് അംഗത്വം സ്വീകരിച്ചത്. ഈ 51-ാം വയസിൽ, 12 വർഷം കൊണ്ട് താൻ ഉണ്ടാക്കിയെടുത്ത ബിസിനസിൽ നിന്ന് പിന്മാറുകയാണ് എന്നും വലിയ മാറ്റമുണ്ടാക്കാൻ പോകുന്ന ഒരു പ്രസ്ഥാനത്തോടൊപ്പം ചേരുകയാണ് എന്നും ഫെലിക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വിജയ്‌യെ തമിഴ്‌നാടിന്റെ പ്രതീക്ഷയെന്നും, പ്രിയപ്പെട്ട കോമ്രേഡ് എന്നുമാണ് ഫെലിക്സ് വിശേഷിപ്പിച്ചത്.

കരൂർ ദുരന്തത്തിന് പിന്നാലെ, ദുരന്തം ഡിഎംകെയുടെ തിരക്കഥയാണെന്ന് ആരോപിച്ച് ഫെലിക്സ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് പൊലീസ് ഫെലിക്സിനെ അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനാണ് ഫെലിക്സ്.

സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: Felix Gerald joins tvk and posts pics with vijay

To advertise here,contact us