നിയമനക്കത്ത് നൽകുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി

നിതീഷ് മുസ്‌ലിം വിഭാഗത്തെ അപമാനിച്ചുവെന്നും സംഭവത്തില്‍ അദ്ദേഹം മാപ്പുപറയണമെന്നും ഇല്‍തിജ മുഫ്തി പറഞ്ഞു

പട്‌ന: നിയമനക്കത്ത് നല്‍കുന്നതിനിടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി. മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തിയാണ് നിതീഷിനെതിരെ പരാതി നല്‍കിയത്. ശ്രീനഗറിലെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇല്‍തിജ പരാതി നല്‍കിയത്. മുസ്‌ലിം വിഭാഗത്തെ നിതീഷ് അപമാനിച്ചുവെന്നും സംഭവത്തില്‍ അദ്ദേഹം മാപ്പുപറയണമെന്നും ഇല്‍തിജ മുഫ്തി പറഞ്ഞു. ആയിരത്തോളം ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമനകത്ത് വിതരണം ചെയ്യുന്ന ചടങ്ങിലാണ് നിതീഷ് കുമാർ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയത്. നിതീഷ് എന്തോ ചോദിച്ചു കൊണ്ട് യുവതിയോട് സംസാരിക്കുന്നതും പിന്നാലെ നിഖാബ് പിടിച്ചുവലിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

നുസ്രത്ത് പര്‍വീന്‍ എന്ന ഡോക്ടര്‍ നിയമന കത്ത് വാങ്ങാനായി എത്തിയപ്പോള്‍ മുഖ്യമന്ത്രി എന്താണിതെന്ന് ചോദിച്ച ശേഷം യുവതിയുടെ നിഖാബ് താഴേക്ക് പെട്ടെന്ന് വലിക്കുകയാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിനിടയില്‍ നിതീഷ് കുമാറിന്റെ സമീപം നിന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പെട്ടെന്ന് ഇടപെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിൽ നിതീഷ് കുമാറിനെതിരെ വിമർശനവുമായി ആർജെഡിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിന്റെ മാനസിക ആരോഗ്യം അസ്ഥിരമാണെന്ന തരത്തിലാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ എന്ത് തരം രാഷ്ട്രീയമാണ് ജെഡിയുവും ബിജെപിയും നടത്തുന്നതെന്ന് ഈ സംഭവത്തില്‍ വ്യക്തമാവുന്നുണ്ടെന്നാണ് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദിന്റെ വിമര്‍ശനം. നീചവും നാണംകെട്ടതുമായ പ്രവര്‍ത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിഷയത്തിൽ യുവതിയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. നിതീഷ് കുമാറിനെ പിന്തുണച്ചുകൊണ്ടാണ് ഗിരിരാജ് സിങ് സംസാരിച്ചത്. നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അപ്പോയിൻമെൻ്റ് ലെറ്റർ വാങ്ങാൻ പോകുമ്പോൾ മുഖം കാണിക്കണ്ടേ എന്നും സിങ് ചോദിച്ചു. ഇത് ഇസ്‌ലാമിക രാഷ്ട്രമല്ലെന്നും ഈ രാജ്യത്ത് ഒരു നിയമമുണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു അധിക്ഷേപ പരാമർശം. 'ഒരാൾ പാസ്‌പോര്‍ട്ട് എടുക്കാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, എയർപോർട്ടിൽ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. ഇവിടെ ഒരു നിയമമുണ്ട്. അവർ വേണമെങ്കിൽ ജോലി സ്വീകരിക്കട്ടെ അല്ലെങ്കിൽ വല്ല നരകത്തിലും പോകട്ടെ'; എന്നായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമർശം.

Content Highlights: iltija mufti complaint against nitish kumar on pulling of woman doctors niqab

To advertise here,contact us