മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമം, ഞങ്ങൾക്കത് പാർട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ

20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു തൊഴിലുറപ്പ് പദ്ധതിയെന്ന് സോണിയ

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.

2005ലാണ് അന്നത്തെ യുപിഎ സർക്കാർ എംജിഎൻആർഇജിഎ പദ്ധതി ആരംഭിച്ചത്. ഇത് പ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ പുതിയ ബില്ല് 125 ദിവസമായി ഉയർത്താനാണ് നിർദേശിക്കുന്നത്. ഗാന്ധിജിയുടെ പേര് തന്നെ മാറ്റി വിബിജി റാം ജി എന്നാക്കിയതിന് പുറമെ പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതാണ് പുതിയ ബിൽ. എന്നാൽ തൊഴിലാളി വേതനത്തിനുള്ള ഫണ്ടിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പുതിയ പരിഷ്കാരം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വരുത്തുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുളളില്‍ വേതനം നല്‍കണമെന്നാണ് ബില്ലിനെ നിര്‍ദേശം. സമയപരിധിക്കുളളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക. തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വ്യവസ്ഥയും പുതിയ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: congress leader sonia gandhi against VB G RAM G

To advertise here,contact us