ദിസ്പൂര്: അസമില് ട്രെയിനിടിച്ച് ഏഴ് ആനകള് ചരിഞ്ഞു. അസമിലെ ഹോജൈയിലാണ് സംഭവം. സൈരംഗ്- ന്യൂഡല്ഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്. അപകടത്തില് ഒരു ആനക്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അപകടം മൂലം മേഖലയിലെ റെയില് ഗതാഗതം തടസപ്പെട്ടു. റെയില്വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തെ ട്രെയിനിടിക്കുകയായിരുന്നു. അപകടത്തില് അഞ്ച് കോച്ചുകള് പാളംതെറ്റി. എന്നാല് ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
പുലര്ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ട്രെയിന് പാളം തെറ്റിയതിനാലും ആനകളുടെ മൃതശരീരാവശിഷ്ടങ്ങള് ചിതറിക്കിടക്കുന്നതിനാലും അപ്പര് അസമിലേക്കും വടക്കുകിഴക്കന് സംസ്ഥാനങ്ങളിലേക്കുമുളള ട്രെയിന് ഗതാഗതം തടസപ്പെട്ടതായി അധികൃതര് അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ട്രെയിനുകളുടെ ലഭ്യമായ സീറ്റുകളില് കയറ്റി വിട്ടിട്ടുണ്ട്. ആനത്താരകള് ഇല്ലാത്ത സ്ഥലത്താണ് സംഭവമെന്നും ട്രാക്കില് ആനക്കൂട്ടത്തെ കണ്ടയുടന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ചവിട്ടിയെങ്കിലും ആനകള് ട്രെയിനിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
സൈരംഗ്- ന്യൂഡല്ഹി രാജധാനി എക്സ്പ്രസ് മിസോറാമിലെ സൈരംഗിനെയും ഡല്ഹി ആനന്ദ് വിഹാറിനെയും ബന്ധിപ്പിക്കുന്ന ട്രെയിനാണ്. ഗുവാഹത്തി റെയില്വേ സ്റ്റേഷൻ റെയില്വേ ഹെല്പ്പ്ലൈന് നമ്പറുകള് പുറത്തുവിട്ടിട്ടുണ്ട്. 0361- 2731621, 2731622, 2731623 എന്നിവയാണ് ഹെല്പ്പ്ലൈന് നമ്പറുകള്. ഗുവാഹത്തിയില് നിന്ന് 126 കിലോമീറ്റര് അകലെയാണ് അപകടസ്ഥലം. അപകടമുണ്ടായ ഉടന് തന്നെ ദുരിതാശ്വാസ ട്രെയിനുകളും റെയില്വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനങ്ങള് ആരംഭിച്ചു.
Content Highlights: 7 elephants killed one calf injured in assam after getting hit by train, 5 coaches derailed