ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയായി അഞ്ചുവർഷവും പൂർത്തിയാക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. രണ്ടര വർഷത്തിന് ശേഷം അധികാരം കൈമാറുമെന്ന കരാർ ഉണ്ടായിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അങ്ങനെയൊരു കരാർ ഉണ്ടാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു സിദ്ധരാമയ്യ വ്യക്തമാക്കിയത്. 'ഒരിക്കൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി കഴിഞ്ഞാതാണ് ഞാൻ, വീണ്ടും മുഖ്യമന്ത്രിയായി. എൻ്റെ അഭിപ്രായത്തിൽ ഹൈക്കമാൻഡ് എനിക്ക് അനുകൂലമാണ്. 2.5 വർഷത്തേക്ക് അത് പങ്കിടണമെന്ന് ഒരു തീരുമാനവും ഉണ്ടായിരുന്നില്ല' എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. 'ഇപ്പോഴും ഞാൻ അത് പറയും. ഞാൻ മുഖ്യമന്ത്രിയാണ്, ഞാൻ മുഖ്യമന്ത്രിയായി തുടരും' എന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.
മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഇന്നലെ രാത്രി സംഘടിപ്പിച്ച അത്താഴ വിരുന്നിന് പിന്നാലെയായിരുന്നു നിയമസഭയിൽ സിദ്ധരാമയ്യയുടെ പരാമർശം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉൾപ്പെടെ സിദ്ധാരമയ്യയുമായി അടുപ്പമുള്ള ചില നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഡികെ ശിവകുമാറിനെ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നില്ല. 'അത്താഴത്തിന് യോഗം ചേരുന്നതിൽ എന്താണ് തെറ്റ്?' എന്നായിരുന്നു പിന്നീട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. 'അവർ അത്താഴം കഴിക്കട്ടെ, അത് സന്തോഷകരമായ കാര്യമാണ്. അത്താഴം കഴിക്കരുതെന്ന് നമുക്ക് പറയാമോ? എന്നും ശിവകുമാർ പറഞ്ഞിരുന്നു.
നേരത്തെ 2023ലെ ധാരണപ്രകാരം രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. അഞ്ച് വർഷവും തുടരുമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. അധികാര മാറ്റം ആവശ്യപ്പെട്ട് ഡി കെ ക്യാമ്പിലെ എംഎൽഎമാർ ഡൽഹിയിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചതോടെ കർണ്ണാടകയിലെ അധികാര തർക്കം ശക്തമായിരുന്നു. ഇതിന് പിന്നാലെ ഇരുനേതാക്കളോടും സംസ്ഥാന തലത്തിൽ സംസാരിച്ച് വിഷയത്തിന് പരഹാരം കാണാനായിരുന്നു കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശം.
ഇതിന് പിന്നാലെ ഇരുനേതാക്കളും തമ്മിൽ രണ്ട് പ്രഭാതഭക്ഷണ യോഗങ്ങൾ നടന്നിരുന്നു. ആദ്യയോഗം സിദ്ധരാമ്മയ്യയുടെ ആഥിതേയത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചേർന്നത്. രണ്ടാമത്തെ പ്രഭാത ഭക്ഷണയോഗം ഡി കെ ശിവകുമാറിൻ്റെ വസതിയിലായിരുന്നു. പ്രഭാതഭക്ഷണ യോഗങ്ങൾക്ക് പിന്നാലെ ഐക്യസന്ദേശം നൽകിയായിരുന്നു ഇരു നേതാക്കളും മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി കുടുംബം നിർദ്ദേശിച്ചാൽ മാത്രമേ താൻ രാജിവെക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഈ കൂടിക്കാഴ്ചകൾക്ക് ശേഷം 2026 ഏപ്രിൽ 26ഓടെ ഡി കെ ശിവകുമാറിന് അധികാരം കൈമാറാനുള്ള ധാരണ രൂപപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ അധികാരത്തിൽ കാലാവധി പൂർത്തിയാക്കാനുള്ള വഴികളാണ് സിദ്ധരാമയ്യ പക്ഷം നടത്തുന്നത് എന്ന അഭ്യൂഹങ്ങളും ഉണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് സിദ്ധരാമയ്യ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.