'മോദിയുടെ ലക്ഷ്യം ദളിതരുടെയും പിന്നാക്കവിഭാഗത്തിന്റെയും അതിജീവനം തകർക്കൽ'; തൊഴിലുറപ്പ് വിവാദത്തിൽ രാഹുൽ

പാവപ്പെട്ടവരുടെ ജീവിതം തകർക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് രാഹുൽ

ന്യൂ ഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മോദിയുടെ ലക്ഷ്യം തൊഴിലാളികളുടെ ശക്തിയെ ദുർബലപ്പെടുത്താനാണെന്നും ദളിതർ, ആദിവാസികൾ, ഒബിസി വിഭാഗങ്ങൾ തുടങ്ങിയവരുടെ അതിജീവനം തകർക്കാനുമാണെന്ന് രാഹുൽ ആഞ്ഞടിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ പാസാക്കിയതെന്നും പാവപ്പെട്ടവരുടെ ജീവിതം തകർക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇരുപത് വർഷത്തെ പദ്ധതിയെ ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്രസർക്കാർ തകർത്തത്. ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്ന ഒരു റേഷൻ പദ്ധതിയാക്കി കേന്ദ്രസർക്കാർ തൊഴിലുറപ്പിനെ മാറ്റി. ഇത് സംസ്ഥാന വിരുദ്ധവും ഗ്രാമ വിരുദ്ധവുമാണ്. ഗ്രാമീണ തൊഴിലാളികൾക്ക് വിലപേശൽ ശക്തി നേടിത്തന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ്. ഇത് അവരെ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നത് അവസാനിപ്പിച്ചു, പലായനം ഇല്ലാതെയായി, ശമ്പളം വർധിച്ചുതുടങ്ങി, അവരുടെ സാഹചര്യങ്ങളും മെച്ചപ്പെട്ടു. ഇതിനെയാണ് ഈ സർക്കാർ തകർക്കുന്നത് എന്നും രാഹുൽ വിമർശിച്ചു.

ജോലിക്ക് പരിധി നിശ്ചയിക്കുന്നതിലൂടെയും അത് നിഷേധിക്കുന്നതിനായി കൂടുതൽ വഴികൾ കണ്ടെത്തുന്നതിലൂടെയും ദരിദ്രരെ ഈ പദ്ധതി കൂടുതൽ ദുർബലപ്പെടുത്തുകയാണ്.കൊവിഡ് സമയത്ത് എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയെ കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ കണ്ടു. സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടപ്പെടുകയും ഉപജീവനമാർഗ്ഗങ്ങൾ തകരുകയും ചെയ്തപ്പോൾ, കോടിക്കണക്കിന് ആളുകൾ പട്ടിണിയിലും കടത്തിലും വീഴുന്നത് ഈ പദ്ധതി തടഞ്ഞു എന്നും രാഹുൽ പറഞ്ഞു.

Last night, the Modi government demolished twenty years of MGNREGA in one day. VB–G RAM G isn’t a “revamp” of MGNREGA. It demolishes the rights-based, demand-driven guarantee and turns it into a rationed scheme which is controlled from Delhi. It is anti-state and anti-village…

വനിതകളെയാണ് ഈ പദ്ധതി കൂടുതൽ സഹായിച്ചത് എന്നും രാഹുൽ പറഞ്ഞു. പദ്ധതിയെ റേഷൻ രൂപത്തിലേക്ക് മാറ്റുമ്പോൾ വനിതകൾ, ഒബിസി വിഭാഗത്തില്പെട്ടവർ, ദളിതർ, ആദിവാസികൾ, ഭൂമി ഇല്ലാത്തവർ എല്ലാവരും തുടങ്ങിയവർ പുറന്തള്ളപ്പെടും എന്നും രാഹുൽ പറഞ്ഞു.നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ പാർലമെന്റ് കടന്നത് എന്നും രാഹുൽ കുറ്റപ്പെടുത്തി. സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഗ്രാമീണ ഇന്ത്യയെ ബാധിക്കുന്ന ഇത്തരത്തിലൊരു ബിൽ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ പാസാക്കാൻ പാടുകയുള്ളൂ എന്നും രാഹുൽ പറഞ്ഞു.

പിന്നാലെ തൊഴിലുറപ്പ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ ഒന്നാണെന്നും പാവപ്പെട്ടവരുടെ ജീവിതം തകർക്കാൻ മോദി സർക്കാരിനെ തങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

Content Highlights: rahul gandhi against centres move to resturcture MGNREGA

To advertise here,contact us