കൊൽക്കത്ത: തൊഴിലുറപ്പ് പദ്ധതി വിവാദങ്ങൾക്ക് പിന്നാലെ ബംഗാളിലെ സർക്കാർ തൊഴിൽപദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകാൻ മമത ബാനർജി. സംസ്ഥാന സർക്കാറിൻ്റെ കർമ്മശ്രീ പദ്ധതിയാണ് ഇനിമുതൽ ഗാന്ധിജിയുടെ പേരിൽ അറിയപ്പെടുക. ഒരു ബിസിനസ് കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു മമത ഇക്കാര്യം പ്രഖ്യാപിച്ചത്.
തനിക്ക് ആകെ ലജ്ജ തോന്നുകയാണ് എന്നാണ് കേന്ദ്രസർക്കാരിന്റെ പേരുമാറ്റത്തെക്കുറിച്ച് മമത പറഞ്ഞത്. 'തൊഴിലുറപ്പ് പദ്ധതി ഗാന്ധിജിയുടെ പേരിലാണ് അറിയപ്പെട്ടത്. പുതിയ ബില്ലിൽ ഗാന്ധിജി ഉണ്ടാകില്ല. ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. കാരണം ഞാൻ ഈ രാജ്യത്ത് ജനിച്ചുവളർന്നയാളാണ്, നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങിയിരിക്കുകയാണ്'; മമത പറഞ്ഞു. പിന്നാലെ സംസ്ഥാന സർക്കാരിന്റെ കർമ്മശ്രീ പദ്ധതിയെ മഹാത്മാ ഗാന്ധി പദ്ധതി എന്ന് പുനർനാമകരണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടാണ് മമത പ്രസംഗിച്ചത്. 'ഗാന്ധിജിയെ അവർ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ ബഹുമാനിക്കും. ഞങ്ങൾക്ക് ഗാന്ധിയെയും അംബേദ്കറെയും നെഹ്റുവിനെയും ഒക്കെ ബഹുമാനിക്കാനറിയാം'; എന്നും മമത പറഞ്ഞു.
സംസ്ഥാന സർക്കാർ പദ്ധതിയുടെ പേരുമാറ്റം ഉടൻ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷമാണ് തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ മമത സർക്കാർ കർമ്മശ്രീ പദ്ധതി ആരംഭിച്ചത്. കേന്ദ്രസർക്കാർ ഫണ്ട് നല്കി വന്നത് അവസാനിച്ചതോടെയാണ് മമത സ്വന്തം നിലയ്ക്ക് ഒരു പദ്ധതി ആരംഭിച്ചത്. 75 മുതൽ 100 ദിവസം വരെ ഒരാൾക്ക് ജോലി നൽകുന്നതാണ് പദ്ധതി. അതേസമയം, കടുത്ത പ്രതിഷേധങ്ങള്ക്കൊടുവില് വി ബി-ജി റാം ജി ബില് രാജ്യസഭ പാസാക്കി. ഡിസംബർ 18 അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്.
ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില് ശബ്ദവോട്ടോടെ രാജ്യസഭയിലും പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില് നിന്നും ഇറങ്ങിപ്പോയി. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്നലെ പ്രതിപക്ഷപ്രതിഷേധം മറികടന്ന് ബില് ലോക്സഭയിലും പാസാക്കിയിരുന്നു.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ജനങ്ങളെ പിച്ചക്കാരക്കാനാണ് ബില് എന്നും മല്ലികാര്ജുന് ഖര്ഗെ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും ബില് സര്ക്കാരിന് പിന്വലിക്കേണ്ടിവരുമെന്നും ഖര്ഗെ പറഞ്ഞു. പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേരെ പ്രതിപക്ഷ അംഗങ്ങള് നീങ്ങിയതോടെ സഭ അധ്യക്ഷന് അതൃപ്തി വ്യക്തമാക്കി. ബില് പാസാക്കിയതോടെ ഭരണപക്ഷം ജയ്ശ്രീറാം വിളിച്ചു.
അതേസമയം പദ്ധതിയെ മെച്ചപ്പെടുത്താനാണ് ബില് എന്നും തൊഴിലുറപ്പ് പദ്ധതി അഴിമതിയില് മുങ്ങിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. പ്രാരംഭഘട്ടമായ 2005ല് പദ്ധതിയുടെ പേരിനൊപ്പം മഹാത്മാഗാന്ധിയെന്ന് ഉണ്ടായിരുന്നില്ലെന്നും 2009ല് കൂട്ടിച്ചേര്ത്തതാണെന്നും ശിവരാജ് സിംഗ് ചൗഹാന് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്കി.
ലോക്സഭയില് ശബ്ദവോട്ടോടെ ഭരണപക്ഷം പാസാക്കിയ ബില് പ്രതിപക്ഷം കീറിയെറിയുകയായിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും എതിര്ക്കുന്ന സാഹചര്യത്തില് വിബിജി റാം ജി ബില്ല് പാര്ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. എന്നാല് ബില് പാസാക്കുകയായിരുന്നു.
Content Highlights: mamata banarjee to rename bengal job scheme on gandhiji after mgnrega row