നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്‌സ് അടര്‍ന്നുവീണു; നാലുവയസുകാരിക്ക് ദാരുണാന്ത്യം

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

ബെംഗളുരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്‌സ് അടര്‍ന്നുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച എച്ച്എഎല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിന്നപന്നഹള്ളിയിരുന്നു സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീഷൈല്‍ എന്നയാളുടെ മകളായ പാറു എന്ന് വിളിക്കുന്ന മനുശ്രീയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന താൽകാലിക ഷെഡിലേക്കാണ് ഹോളോബ്രിക്സ് അടർന്നു വീണത്.

ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിലായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഏകദേശം 12 ഓളം ഇഷ്ടികകളാണ് താഴെ പതിച്ചത്. മതിയായ സുരക്ഷാ നടപടികളോ മുന്‍കരുതലുകളോ സ്വീകരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ശ്രീനിവാസുലു എന്നയാളാണ് കെട്ടിട ഉടമയെന്ന് തിരിച്ചറിഞ്ഞതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'മരിച്ച കുട്ടി ശ്രീഷൈല്‍ എന്നയാളുടെ മകളായ മനുശ്രീ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു', പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ ശ്രീയാന്‍(6), ശേഖര്‍ (5), ശ്രീഷൈലിന്റെ ഭാര്യ മമത (30) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.

വിജയപുര ജില്ലയിലെ സിന്ദഗി താലൂക്കിലെ ഭോരാഗി ഗ്രാമത്തിലെ താമസക്കാരാണ് കുടുംബാംഗങ്ങളെന്നും സ്ഥലത്തിനടുത്തുള്ള സിമന്റ് ഷീറ്റ് ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

എച്ച്എഎല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights:four year old died after bricks fall from under construction building in Bengaluru

To advertise here,contact us