ഗാസിയാബാദ്: വാടക ചോദിച്ചുചെന്ന വീട്ടുടമയായ യുവതിയെ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് നഗരപ്രദേശമായ രാജ് നഗർ എക്സ്ടെൻഷനിലെ 'ഒറ ചിമേര' എന്ന കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയ് ഗുപ്ത, ആകൃതി ഗുപ്ത എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവതിയും ഈ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. ഇവരുടെ പക്കലുള്ള മറ്റൊരു ഫ്ലാറ്റ് അജയ്, ആകൃതി എന്നിവർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. മാസങ്ങളായി ഇവർ വാടക നൽകിയിരുന്നില്ല. ഇത് ചോദിച്ചുചെന്ന യുവതിയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ദമ്പതികൾ ഒരു ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പൊലീസ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കഴുത്ത് ഞെരിച്ചും പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ.
ബുധനാഴ്ച വൈകുന്നേരം വാടക ചോദിച്ചുചെന്ന യുവതിയെ തിരിച്ചുവരാതായതോടെ ജോലിക്കാരിയാണ് ആദ്യം ഫ്ലാറ്റിലേക്ക് ചെന്നത്. അപ്പോഴെല്ലാം അജയ്യും ആകൃതിയും യുവതി ഇവിടെ വന്നിട്ടില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സംശയം തോന്നിയ ജോലിക്കാരി മറ്റ് ഫ്ലാറ്റ് നിവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്നാണ് കൊലപാതകം പുറംലോകമറിയുന്നത്.
Content Highlights: