മഹാരാഷ്ട്രയിൽ പിണക്കങ്ങൾ മറന്ന് താക്കറെമാർ കൈകൊടുക്കുന്നു; ഒറ്റക്ക് മത്സരിക്കാന്‍ കോൺഗ്രസ്

ഈ ആഴ്ച തന്നെ സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സഞ്ജയ് റാവത്ത് അറിയിച്ചിരിക്കുന്നത്

മുംബൈ: വർഷങ്ങളുടെ പിണക്കം മറന്ന് അർധസഹോദരന്മാരായ ഉദ്ദവ് താക്കറെ, രാജ് താക്കറെ എന്നിവർ ഒന്നിക്കുന്നു. ശിവസേന ഉദ്ധവ് വിഭാഗം തലവൻ ഉദ്ധവും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജും മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൈകൊടുക്കുന്നത്. ഈ ആഴ്ച തന്നെ സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ് താക്കറെയും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനായിരുന്നു കൂടിക്കാഴ്ച. ഇതിൽ കോൺഗ്രസുമായി ഇനി കൈകൊടുക്കേണ്ട എന്ന് ഇരുവരും തീരുമാനിച്ചിരുന്നു.

2024 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. മഹാ വികാസ് അഘാടി സഖ്യത്തിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പിന്നാലെ അർധസഹോദരന്മാർ തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇരുവരെയും സംബന്ധിച്ച് വളരെ നിർണായകമാണ്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ ഇരുവർക്കുമുള്ള സ്വാധീനം എത്രയെന്ന് നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം. മറാത്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും തങ്ങളുടെ നിലപാട് എന്ന് ഇരുവരും അറിയിച്ചുകഴിഞ്ഞു.

ഉദ്ധവും രാജ് താക്കറെയും തമ്മിൽ കൈകൊടുക്കുമ്പോൾ ഇല്ലാതെയാകുന്നത് വർഷങ്ങൾ നീണ്ട പിണക്കമാണ്. രണ്ട് മാസം മുൻപുതന്നെ ഇരുവരും ഒന്നിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ സഖ്യപ്രഖ്യാപനം ഉണ്ടായിരുന്നില്ല. സീറ്റ് വിഭജനത്തിൽ ഒരു ധാരണയായതിന് ശേഷമേ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ ആ പ്രഖ്യാപനം ഉണ്ടാകുമെന്നും കൂടിയാണ് മുതിർന്ന പാർട്ടി നേതാക്കൾ പറയുന്നത്. കോൺഗ്രസുമായി ചേർന്ന് മത്സരിക്കേണ്ട എന്ന നിർണായക തീരുമാനവും ഇരുവരും കൈക്കൊണ്ടിട്ടുണ്ട്.

കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നില്ലെന്നും ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. തങ്ങൾ ഒറ്റയ്ക്കാകും മത്സരിക്കുക എന്ന് കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ വടക്കേ ഇന്ത്യൻ തൊഴിലാളികൾക്കും ജനവിഭാഗങ്ങൾക്കുമിടയിൽ കോൺഗ്രസിന് വലിയ സ്വാധീനമുണ്ട്. ഇവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ് താക്കറെയുമായി സഖ്യത്തിലേർപ്പെട്ടാൽ, തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട് എന്നാണ് വിവരം.

ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനോ സഖ്യകക്ഷിയായ മഹാ വികാസ് അഘാടി (എംവിഎ)യുമായി ചേരാനായുള്ള അനുമതി സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു.

'മുംബൈയിലെ പ്രാദേശിക ഘടകം ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലും നിയമസഭയിലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. സ്വന്തം ശക്തി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നേരിടാനാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് തോന്നുന്നത്. അതില്‍ ഒരു തെറ്റുമില്ല', ഇങ്ങനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

സഖ്യത്തിലാണെങ്കിലും ഓരോ പാര്‍ട്ടിക്കും അവരുടെ സംഘടന ശക്തിപ്പെടുത്താനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വിട്ടുവീഴ്ചകള്‍ അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചു. മോദിയുമായുള്ള എതിര്‍പ്പായിരുന്നു തങ്ങളുടെ സഖ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

'മോദിക്ക് മുമ്പ് അവിഭക്ത ശിവസേനയെയും ബിജെപിയെയും അധികാരത്തില്‍ നിന്നിറക്കാനാണ് അവിഭക്ത എന്‍സിപിയുമായി സഖ്യം ചേര്‍ന്നത്. അതുകൊണ്ട് തന്നെ എന്‍സിപി കൈവശം വെച്ചിരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് പരിപോഷിച്ചില്ല. അത് ഞങ്ങള്‍ക്ക് നഷ്ടം വരുത്തി. പല സ്ഥലത്തും സഖ്യം നിലനില്‍ക്കുന്നതിനാല്‍ സംഘടനയുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. അത് അംഗീകരിച്ച് മറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു', അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ ആറ് സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ശിവസേന (യുബിടി)യുമായുള്ള നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചത്. ഇതിന് മുമ്പ് അഞ്ച് സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 2024 നിയമസഭാ തെരഞ്ഞെടുപ്പില്‍ 36ല്‍ 11 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ശിവസേന (യുബിടി) 22 സീറ്റില്‍ മത്സരിച്ചു. ബാക്കിയുണ്ടായ രണ്ട് സീറ്റില്‍ എന്‍സിപി (എസ്പി)യും സമാജ് വാദി പാര്‍ട്ടി ഒരു സീറ്റിലും മത്സരിച്ചു. 2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചത് ഒഴിച്ചാല്‍ 1999ന് ശേഷം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Content Highlights: Raj and Uddhav Thackeray to announce alliance this week for mumbai civic polls

To advertise here,contact us