ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉല്‍പ്പാദനം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നു: രാഹുല്‍ ഗാന്ധി

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമ്മള്‍ കൂടുതല്‍ ഉല്‍പ്പാദനം ആരംഭിക്കണമെന്നും അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും രാഹുൽ പറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യയില്‍ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലെ മ്യൂണിച്ചിലുളള പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്.

ബിഎംഡബ്ല്യൂവിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിര്‍മാണവും എം സീരീസ്, ഇലക്ട്രിക് ബൈക്കുകള്‍, ബിഎംഡബ്ല്യു ഐഎക്‌സ്3, റോള്‍സ് റോയ്‌സ്, വിന്റേജ് ഇറ്റാലിയന്‍- പ്രചോദിത ബിഎംഡബ്ല്യു ഐസെറ്റ, മാക്‌സി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ മോഡലുകള്‍ വരെ നേരിട്ട് കണ്ടതിന് ശേഷമാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 'ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഉല്‍പ്പാദനമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത്തരം ഉല്‍പ്പാദനങ്ങള്‍ കുറയുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമ്മള്‍ കൂടുതല്‍ ഉല്‍പ്പാദനം ആരംഭിക്കണം. അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വലിയ തോതിലുളള ഉയര്‍ന്ന നിലവാരമുളള ജോലികള്‍ സൃഷ്ടിക്കപ്പെടണം': രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഎംഡബ്ല്യു പ്ലാന്റ് സന്ദര്‍ശനത്തിനിടെ ഒരു ബിഎംഡബ്ല്യു കാര്‍ ഓടിക്കുകയും അതിന്റെ സവിശേഷതകള്‍ പരിശോധിക്കുകയും ചെയ്തു. ഇന്ത്യന്‍ എഞ്ചിനീയറിംഗിനെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു. ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിന്റെ 450 സിസി മോട്ടോര്‍സൈക്കില്‍ ഹൈലൈറ്റ് ആയിരുന്നു. ഇന്ത്യന്‍ എഞ്ചിനീയറിംഗ് പ്രദര്‍ശനം കാണാന്‍ കഴിഞ്ഞത് അഭിമാനനിമിഷമാണെന്നും രാഹുല്‍ പറഞ്ഞു. ഫാക്ടറിയില്‍ തന്നെ കാണാനെത്തിയ ഇന്ത്യക്കാരോട് സൗഹൃദം പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൊത്തം ഇലക്ട്രോണിക്‌സ് നിര്‍മാണത്തില്‍ 495 ശതമാനം വളര്‍ച്ചയും കയറ്റുമതിയില്‍ 760 ശതമാനം വളര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്ന് പ്രദീപ് ഭണ്ഡാരി പറഞ്ഞു. 1991 മുതല്‍ തദ്ദേശീയമായി വാഹനങ്ങളുടെ ഉല്‍പ്പാദനം 14 മടങ്ങ് വര്‍ധിച്ചതായും 2030 ആകുമ്പോഴേക്ക് ഇന്ത്യ 50 ദശലക്ഷം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ദീപക് പറഞ്ഞു. 2047 ആകുമ്പോഴേക്ക് ആഗോളതലത്തില്‍ മികച്ച 2 വാഹന നിര്‍മാതാക്കളില്‍ ഒന്നാവുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി യാഥാര്‍ത്ഥ്യത്തെ നിഷേധിച്ചാലും ഫാക്ടറികള്‍, കയറ്റുമതി, സംഖ്യകള്‍ എന്നിവ നുണ പറയില്ലെന്ന് ദീപക് പറഞ്ഞു.

Content Highlights: Manufacturing is the backbone of a strong economy, manufacturing is declining in India: Rahul Gandhi

To advertise here,contact us