ഗോവ നിശാക്ലബ്‌ തീപിടിത്തം; പിടിയിലായ ലുത്ര സഹോദരന്മാരെ ഇന്ന് ഗോവയിലെത്തിക്കും

ഗോവ പൊലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്

ന്യൂഡല്‍ഹി: ഗോവയില്‍ തീപിടുത്തമുണ്ടായ നിശാക്ലബ്ബിന്റെ ഉടമകളും ഡല്‍ഹി സ്വദേശികളുമായ ലുത്ര സഹോദരന്മാരെ ഇന്ന് ഗോവയിലെത്തിക്കും. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെയാണ് ഇന്ന് ഗോവയിലെത്തിക്കുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വിട്ടതോടെയാണിത്. ഗോവ പൊലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.

25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ ഇവര്‍ തായ്‌ലന്‍ഡിലേക്കു കടന്നിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ ഇവരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ 11നാണ് തായ്‌ലാന്‍ഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ലുത്ര സഹോദന്മാര്‍ക്കെതിരെ ചുമത്തിയത്. ഇവരെ പാസ്‌പോര്‍ട്ട് നിയമം ഉപയോഗിച്ചാണ് ഇന്ത്യ കുടുക്കിയത്.

ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിട്ടു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലാന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബിഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡിസംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മാനേജര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.

Content Highlight : Goa nightclub fire; Luthra brothers arrested to be brought to Goa today

To advertise here,contact us