വോട്ട് ചോരിയിൽ 'ഇൻഡ്യ' പലവഴിക്ക്? കോൺഗ്രസിന്റെ വിഷയമെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഒമർ അബ്ദുള്ള

അവർക്ക് അവരുടേതെന്ന പോലെ തങ്ങൾക്ക് തങ്ങളുടേതായ വിഷയമുണ്ടെന്നും ഒമർ അബ്ദുള്ള

ന്യൂഡൽഹി: വോട്ട് ചോരിയിൽ ഇൻഡ്യാ സഖ്യത്തിനുള്ളിൽ ഭിന്നാഭിപ്രായം. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. വോട്ട് ചോരി കോൺഗ്രസിന്റെ മാത്രം പ്രചാരണവിഷയമാണെന്നും എല്ലാവർക്കും അവരവരുടെ നയം ഉണ്ടാകുമെന്നുമാണ് ഒമർ അബ്ദുള്ളയുടെ പ്രസ്താവന. കോൺഗ്രസ് വോട്ട് ചോരിയാണ് തെരഞ്ഞെടുത്തത്. അവർ എന്ത് വിഷയം തെരഞ്ഞെടുക്കണമെന്നത് തീരുമാനിക്കാൻ തങ്ങളാരാണ്. അവർക്ക് അവരുടേതെന്ന പോലെ തങ്ങൾക്ക് തങ്ങളുടേതായ വിഷയമുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഇൻഡ്യാ സഖ്യം അത്യാസന്ന നിലയിലാണ് എന്ന വിമർശനം ഒരാഴ്ച മുൻപ് ഒമർ അബ്ദുള്ള ഉന്നയിച്ചിരുന്നു. ഇതിനെതിരെ സഖ്യകക്ഷികൾ തന്നെ രംഗത്തുവന്നിരുന്നു. 'സഖ്യം ഇപ്പോൾ അത്യാസന്ന നിലയിലാണ്. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നാൽ സഖ്യം ഉയർത്തെഴുന്നേൽക്കും. ബിഹാർ തെരഞ്ഞെടുപ്പ് ഫലം പോലെയെന്തെങ്കിലും സംഭവിച്ചാൽ വീണ്ടും നിർജീവമാകും'; എന്നാണ് ഒമർ അബ്ദുള്ള പറഞ്ഞത്. ഇതിന് പിന്നാലെയാണ് വോട്ട് ചോരിയിലും ഒമറിന്റെ ഭിന്നാഭിപ്രായം.

അതേസമയം, വോട്ട് ചോരി ഉയർത്തി രാജ്യത്തെമ്പാടും പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്. ഡിസംബർ 14ന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്മീഷൻ എന്ത് ചെയ്താലും അതിൽ ശിക്ഷ ഒഴിവാക്കാൻ കേന്ദ്രം നിയമം കൊണ്ടുവന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടേതാണ്, മോദിയുടേതല്ല. ഹരിയാനയിൽ വോട്ട് കൊള്ള നടന്നു. ബ്രസീലീയൻ വനിത ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചു. ഇതിലെല്ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷായ്ക്ക് പാർലമെന്റിൽ കൈ വിറച്ചുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

Content Highlights: omar abdullah against congress vote chori campaign; drift in INDI Alliance

To advertise here,contact us