ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് നാട്ടുകാർ;പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് ചാടി യുവതി

ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21 വയസ്സുകാരിയായ യുവതിയുടെ ശ്രമം

ബെംഗളൂരു : ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയ്ക്ക് പരിക്ക്. ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് അയല്‍വാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനക്ക് എത്തുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന യുവതി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു.

ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21 വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിയെ സുഹ്യത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കുണ്ടലഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രിയാണ് യുവതി ഉൾപ്പെടെ എട്ട് സുഹൃത്തുക്കൾ ചേർന്നാണ് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കായി അവർ മൂന്ന് മുറികൾ ബുക്ക് ചെയ്തിരുന്നു. തുടർന്ന് യുവാക്കളും യുവതികളും പാട്ട് വെയ്ക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. പാർട്ടിയും നൃത്തവും കണ്ട നാട്ടുകാർ ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് പറഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഹൊയ്‌സാല പൊലീസ് എത്തി ഹോട്ടൽ പരിശോധന നടത്തുകയായിരുന്നു.

സംഭവത്തിൽ യുവതിയുടെ പിതാവ് ഹൊയ്‌സാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്‌ക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോട്ടലിന്റെ ബാൽക്കണിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും മാനേജ്‌മെന്റ് അശ്രദ്ധ കാണിച്ചെന്നും യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Content Highlight : Locals say drug party is going on; woman jumps from fourth floor to escape inspection

To advertise here,contact us