ന്യൂ ഡൽഹി: വോട്ട് ചോരി വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ഡൽഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയിൽ പാർട്ടി ഇന്ന് കൂറ്റൻ റാലി നടത്തും. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, ജയ്റാം രമേശ്, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും. സോണിയ ഗാന്ധിയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നിന്നാകും ഇവർ രാം ലീല മൈതാനിയിലേക്കെത്തുക. വോട്ട് ചോരിയിൽ പ്രതിഷേധമറിയിച്ചുകൊണ്ട് അഞ്ചരക്കോടി ജനങ്ങളുടെ ഒപ്പ് ശേഖരിച്ചെന്നും ഇത് രാഷ്ട്രപതിക്ക് ഇന്ന് കൈമാറുമെന്നും പാർട്ടിയുടെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
വോട്ട് ചോരിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് പാർലമെന്റിനകത്തും പുറത്തും നടന്നിട്ടുള്ളത്. ഡിസംബർ 10ന് ലോക്സഭയിൽ അമിത് ഷായും രാഹുലും തമ്മിൽ വോട്ട് ചോരിയിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. വോട്ടര് പട്ടികയിലെ പുതുക്കലുകള് സുതാര്യമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്നും അനധികൃതമായി വോട്ടര് പട്ടികയില് കയറിയവരെ പുറത്താക്കുക തന്നെ വേണമെന്നുമാണ് അമിത് ഷാ വാദിച്ചത്.
വിദേശികള്ക്ക് ഉള്ളതല്ല രാജ്യത്തെ തെരഞ്ഞെടുപ്പ്. ഹരിയാനയിൽ ഉണ്ടായത് വോട്ടര് പട്ടികയിലെ സാങ്കേതിക പിഴവ് മാത്രമാണെന്നും വോട്ട് ചോരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ എന്തിന് പൂര്ണ്ണ പരിരക്ഷ നല്കി എന്ന് വ്യക്തമാക്കണമെന്നും ഹരിയാനയിലെ വോട്ട് തട്ടിപ്പില് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു. തുടർന്ന് തന്നോടൊപ്പം ഒരു സംയുക്ത വാര്ത്താ സമ്മേളനവും പരസ്യസംവാദവും നടത്താൻ അമിത് ഷായെ രാഹുൽ വെല്ലുവിളിച്ചിരുന്നു.
Content Highlights: congress to hold rally on vote chori at delhi