ന്യൂ ഡൽഹി: യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇൻഡിഗോയ്ക്കെതിരെ തങ്ങൾ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.
രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 'ഞങ്ങൾക്ക് പൈലറ്റുമാർ, ക്ര്യൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്ര്യൂ റോസ്റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകൾക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി'; എന്നാണ് മന്ത്രി പറഞ്ഞത്. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് വിശദീകരണം നൽകിയത്.
രാജ്യത്ത് ഇനിയും വിമാനകമ്പനികൾ വേണമെന്നും അതിനുള്ള സാധ്യത നമുക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയാണ് ചെയ്തത്.
അതേസമയം, നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനൽകിയത് വലിയ തുകയെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നവംബർ 21 മുതൽ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. 9,55,591 ടിക്കറ്റുകളാണ് ഇക്കാലയളവിൽ റദ്ദാക്കപ്പെട്ടത്. ഇതിൽ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയുടെ പണമെല്ലാം ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകി. ഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനൽകി. 9,000 ബാഗേജുകളിൽ 4,500 ബാഗേജുകളാണ് ഇൻഡിഗോ യാത്രക്കാർക്ക് നൽകിയത്. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് തിരിച്ചുനൽകുമെന്നാണ് ഇൻഡിഗോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു.
Content Highlights: aviation minister said action against indigo will set an example to other airlines