രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു; പ്രധാനമന്ത്രിയോട് നീതിക്കായി അപേക്ഷിച്ച് ഭർത്താവ് ഉപേക്ഷിച്ച പാകിസ്താൻ യുവതി

ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞു

ന്യൂഡൽഹി: തന്നെ കറാച്ചിയിൽ ഉപേക്ഷിച്ച് ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതിക്കായി അപേക്ഷിച്ച് പാകിസ്താൻ യുവതി. നികിത നാഗ്ദേവ് എന്ന യുവതിയാണ് പ്രധാനമന്ത്രിയോട് നീതി യാചിച്ചത്. യുവതി നീതിക്കായി അപേക്ഷിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളികളിൽ പ്രതിഷേധം ആളിക്കത്തുകയാണ്.

ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാകിസ്താൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വെച്ച് ഹൈന്ദവാചാരപ്രകാരമാണ് നികിത വിവാഹം കഴിച്ചത്. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം തകർന്നുവെന്ന് നികിത പറയുന്നു.

വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9 ന് അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കപ്പെടുകയും നിർബന്ധിച്ച് പാകിസ്താനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. അതിനുശേഷം വിക്രം ഒരിക്കലും തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കി. എന്നെ ഇന്ത്യയിലേക്ക് വിളിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നുവെന്നും പക്ഷേ അദ്ദേഹം എല്ലാ തവണയും എൻ്റെ അഭ്യർത്ഥന നിരസിച്ചുവെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. നിരവധി പെൺകുട്ടികൾ അവരുടെ ദാമ്പത്യ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും യുവതി വീഡിയോ സന്ദേശത്തിലുടെ പറഞ്ഞു.വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചും അവർ വീഡിയോയിൽ വിവരിച്ചു.

പാകിസ്താനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നുവെന്നും ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസ്സിലാക്കിയെന്നും ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് മറുപടി നൽകിയതെന്നും യുവതി വ്യക്തമാക്കി.

ലോക്ക്ഡൗൺ സമയത്ത് പാകിസ്താനിലേയ്ക്ക് മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത മനസ്സിലാക്കിയത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.

Content Highlight : Pakistani woman seeks justice from Prime Minister after husband leaves her for second marriage

To advertise here,contact us