ദേശീയപാതയുടെ ക്രെഡിറ്റ് തലയിൽ ചൂടിയ മുഖ്യമന്ത്രി തകർച്ചയുടെ ഉത്തരവാദിത്വവും തലയിൽ ഏറ്റെടുക്കണം:കെ സി വേണുഗോപാൽ

കമ്പനിയുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവെച്ച് കേന്ദ്രസർക്കാർ ഒഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: കൊല്ലത്തെ ദേശീയ പാത തകർച്ചയിൽ കേന്ദ്രസർക്കാർ നടപടി തള്ളി പാർലമെൻ്ററി അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ കെ സി വേണുഗോപാൽ എംപി. കമ്പനികൾക്കെതിരെയുള്ള നടപടി കണ്ണിൽ പെടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക നടപടിയിൽ മാത്രം ഒതുക്കുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന കമ്പനികളെ ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോയാണ് വിലക്കിയിരിക്കുന്നതെന്നും പിന്നീട് ഈ കമ്പനികളെ തന്നെ ദേശീയ പാത നിർമാണത്തിന് ചുതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവെച്ച് കേന്ദ്രസർക്കാർ ഒഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത തകർച്ചയിൽ മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും. ദേശീയപാതയെ വെച്ച് മുതലെടുത്ത സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് തലയിൽ ചൂടിയ മുഖ്യമന്ത്രി തകർച്ചയുടെ ഉത്തരവാദിത്വവും തലയിൽ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യണമെന്നേ സർക്കാരിനുള്ളൂ. കൂരിയാടിനും തുറവൂരിനും ശേഷമാണ് കൊല്ലത്ത് ഇന്നലെയുണ്ടായ സംഭവം. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. ദേശീയപാത അതോറിറ്റി ഇതിനു മറുപടി പറഞ്ഞേ പറ്റു. കൂരിയാട് റോഡ് പിളർന്നപ്പോൾ പിഎസി ചെയർമാനെന്ന നിലയിൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി. ഡൽഹിയിൽ പിഎസി കൂടിയപ്പോൾ ദേശീയപാത അതോറിറ്റി ചെയർമാനും ഗതാഗത സെക്രട്ടറിക്കും ഈ റിപ്പോർട്ട് കൊടുത്തു.കൂരിയാട് തകർച്ചയിൽ പി എ സി നൽകിയ ശുപാർശകൾ സർക്കാർ നടപ്പാക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

സർവീസ് റോഡ് പപ്പടം പോലെ പൊടിയുന്നതാണു കൊല്ലം മൈലക്കാട് കണ്ടത്. സാധാരണക്കാർ ഉപയോഗിക്കുന്ന സർവീസ് റോഡ് തകരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. അവിടെ സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു നിർമാണം. നിലവാരമില്ലാത്ത ദേശീയപാത നിർമാണം ചൂണ്ടിക്കാണിച്ചാൽ നടപടി എടുക്കുന്നതിനു പകരം പരാതിപ്പെടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണു സർക്കാരെന്നും കെസി വേണുഗോപാൽ പറഞ്ഞു.

പിഎം ശ്രീ വിഷയത്തിൽ ജോൺ ബ്രിട്ടാസിന് കെ സി വേണുഗോപാൽ മറുപടി നൽകി. ഡീലിന് വേണ്ടി കോൺഗ്രസ് എംപിമാരെ കിട്ടില്ലയെന്നും യുഡിഎഫ് എംപിമാരുടെ ഇടപെടലിന് രേഖയുണ്ടെന്നും കെസി പറഞ്ഞു.എൽഡിഎഫ് എംപിമാർ എന്ത് ചെയ്തുവെന്നും കെസി ചോദിച്ചു. റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുത്തതിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ചില വ്യക്തികളുടെ സ്തുതി പാർട്ടിയെ ബാധിക്കില്ലയെന്നും പാർട്ടി നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ സമയത്ത് ചർച്ച ചെയ്യുമെന്നും സി വേണുഗോപാൽ വ്യക്തമാക്കി.

Content Highlight : The Chief Minister who took credit for the National Highway should also take responsibility for the collapse: KC Venugopal

To advertise here,contact us