ബെംഗളൂരു: നാഷണല് ഹെറാള്ഡ് കേസുമായി ബന്ധപ്പെട്ട് ഡല്ഹി പൊലീസ് നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്. ഈ സാഹചര്യം തനിക്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് ശിവകുമാര് പറഞ്ഞു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്പ്പിച്ചുകഴിഞ്ഞാല്, പൊലീസ് പ്രത്യേക കേസ് രജിസ്റ്റര് ചെയ്യേണ്ട ആവശ്യമില്ലെന്ന് കര്ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നീക്കത്തിൽ കോടതിയില് പോരാടുമെന്നും ശിവകുമാര് കൂട്ടിച്ചേര്ത്തു.
'ഇത് എന്നെ വളരെയേറെ ഞെട്ടിക്കുന്ന കാര്യമാണ്. ഞാന് എല്ലാ വിവരങ്ങളും ഇഡിക്ക് നല്കിയിരുന്നു. ഇഡി എന്നെയും എന്റെ സഹോദരനെയും വിളിച്ചുവരുത്തിയിരുന്നു. ഞങ്ങള് എല്ലാ വിവരങ്ങളും നല്കിയിരുന്നു. അതില് തെറ്റൊന്നുമില്ല. ഇത് ഞങ്ങളുടെ സ്ഥാപനമാണ്. കോണ്ഗ്രസുകാരായ ഞങ്ങളും സ്ഥാപനത്തെ പിന്തുണച്ചിട്ടുണ്ട്. ഇതില് ഒളിച്ചുകളിയില്ല. ഇഡി കുറ്റപത്രം സമര്പ്പിച്ചതിനുശേഷവും പൊലീസ് കേസ് രജിസ്റ്റര് ചെയ്യേണ്ട ആവശ്യമെന്താണെന്ന് എനിക്കറിയില്ല. ഞങ്ങള് കോടതിയില് പോരാടും', ശിവകുമാര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
സോണിയ ഗാന്ധിയെയും രാഹുല് ഗാന്ധിയെയും ഉപദ്രവിക്കാന് ശ്രമിക്കുകയാണെന്നും ശിവകുമാര് കൂട്ടിച്ചേര്ത്തു.
കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കുമെതിരെ ഒക്ടോബര് മൂന്നിന് രജിസ്റ്റര് ചെയ്ത നാഷണല് ഹെറാള്ഡ് കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ പക്കല് സുപ്രധാന വിവരങ്ങള് ഉണ്ടെന്ന് കരുതപ്പെടുന്നതായാണ് ഡല്ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നല്കിയ നോട്ടീസില് പറയുന്നത്. നവംബര് 29-നാണ് നോട്ടീസ് അയച്ചത്. ഡിസംബര് 19 ന് മുന്പ് തങ്ങള്ക്ക് മുന്നില് ഹാജരാകാനോ ആവശ്യപ്പെട്ട വിവരങ്ങള് നല്കാനോ ആണ് ഡല്ഹി പൊലീസ് ശിവകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2014-ല് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്പ്പിച്ച സ്വകാര്യ ക്രിമിനല് പരാതിയില് നിന്നാണ് 2021-ല് ഇ ഡി അന്വേഷണം ആരംഭിച്ചത്. യംഗ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്സ് രണ്ടായിരം കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു പരാതി.
Content Highlights: DK Shivakumar On Delhi Cops Notice In National Herald Case