തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കമ്പനികള്‍ യാത്രക്കാരെ പിഴിയുന്നു

ഇന്‍ഡിഗോ വിമാന സർവ്വീസുകള്‍ പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സർവ്വീസുകള്‍ പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്കില്‍ വന്‍ വർധനവാണ് എയർ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000 ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയർ ഇന്ത്യ 60000 രൂപ വരെയായി ഉയർത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സർവ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സർവ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയർ ഇന്ത്യയുടെ കണക്ഷന്‍ സർവ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ എല്ലാ റൂട്ടുകളിലും സമാനമായ സാഹചര്യമാണുള്ളത്. ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങൾ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലിൽ നിരവധി യാത്രക്കാർ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്. വിമാനസർവീസുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചും കമ്പനികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തും പുതിയ വ്യവസ്ഥയിൽ പുനഃപരിശോധന ആവശ്യമാണ് എന്നതാണ് ഡിജിസിഎയുടെ വിശദീകരണം.

To advertise here,contact us