റായ്സെൻ: മധ്യപ്രദേശിൽ മൊബൈൽ ഫോണിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് മരിച്ചത്. മധ്യപ്രദേശിലെ റായ്സെൻ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂര്യാസ്തമയ സമയത്ത് പാലത്തിൽ വെച്ച് മൊബൈൽ ഫോണിൽ ചിത്രങ്ങളും റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് വഴുതി താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഉദയ്പുരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് യുവാവ് റീൽ എടുക്കുകയായിരുന്നു എന്ന് ഉദയപുര പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ജയ്വന്ത് സിങ് കക്കോഡിയ പറഞ്ഞു. യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വീഴ്ചയുടെ ദൃശ്യം ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.
Content Highlight : A young man died tragically after falling from a 50-foot bridge while shooting a reel in Madhya Pradesh