രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; സിഇഒയുടെ വിശദീകരണം ഇങ്ങനെ

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഇന്‍ഡിഗോ വിമാനങ്ങളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജ്യത്തെ പ്രധാന എയര്‍ലൈന്‍സുകളിലൊന്നായ ഇന്‍ഡിഗോയുടെ മുന്നൂറിലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒയുടെ ഇമെയില്‍ പുറത്ത്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിലാണ് ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

പൈലറ്റുകള്‍ക്കായുള്ള ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റ് നിയമങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങിയതിന് പിന്നാലെയാണ് ഡസന്‍ കണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നത്. 2024 ജൂണ്‍ 1ന് നടപ്പാക്കേണ്ടിയിരുന്ന നിയമം പ്രാബല്യത്തില്‍ വരാന്‍ ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ ഒരു വശത്ത് വിമര്‍ശനം ശക്തമാകുന്നുണ്ട്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഇന്‍ഡിഗോ യാത്രക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഓരോ ദിവസവും 3,80,000 യാത്രക്കാര്‍ക്ക് സേവനം നല്‍കി വരുന്ന ഇന്‍ഡിഗോ എല്ലാവര്‍ക്കും മികച്ച അനുഭവം നല്‍കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ല. അതില്‍ പരസ്യമായി മാപ്പ് പറയുന്നു' എന്നാണ് പീറ്റര്‍ എല്‍ബേർസ് ഇമെയിലില്‍ പറയുന്നു. മുമ്പും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ വെല്ലുവിളികളെല്ലാം വിജയമാക്കി തീര്‍ത്തുകൊണ്ട് നമ്മുടെ ശക്തിയും ഐക്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട്. ഇവിടെയും വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല എന്നും ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ അദ്ദേഹം പറയുന്നുണ്ട്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഇന്‍ഡിഗോ വിമാനങ്ങളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്. ബുധനാഴ്ച 150ഓളം വിമാനങ്ങളും റദ്ദാക്കിയിരുന്നു.

Content Highlights: Indigo CEO's email explaining the cause of dealy in Flights

To advertise here,contact us