മുംബൈ: ഭീമ കൊറേഗാവ്-എല്ഗാര് പരിഷത്ത് കേസില് ഡോ. ഹാനി ബാബുവിന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ഡൽഹി സർവകലാശാലയിലെ മുൻ അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി വിചാരാണ കൂടാതെ തടവില് കഴിഞ്ഞ് വരുന്നത് അടക്കമുള്ള കാര്യങ്ങള് ചൂണ്ടിക്കാട്ടി അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
നിലവില് നവി മുംബൈയിലെ തലോജ സെന്ട്രല് ജയിലില് കഴിഞ്ഞ വരുന്ന അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങള് കുടുംബവും അഭിഭാഷകരും ഉയർത്തിയിരുന്നു. 2021 ല് ഹാനി ബാബുവിന്റെ കണ്ണില് കടുത്ത അണുബാധയുണ്ടാകുകയും ക്രമേണ കാഴ്ച നഷ്ടമാകുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തില് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികാരികള് വൈദ്യചികിത്സ നിഷേധിച്ചുവെന്നാണ് പരാതി.
2020 ജുലൈ 28 നായിരുന്നു ദേശീയ അന്വേഷണ ഏജന്സി യുഎപിഎ ചുമത്തി ജാതി വിരുദ്ധ പ്രവർത്തകനും സാമൂഹിക നീത വക്താവുമായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഹാനി ബാബുവിന് ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം. 2017 ഡിസംബർ 31 മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലും അയല് ഗ്രാമങ്ങളിലും നടത്തിയ പ്രസംഗങ്ങളിലൂടെ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ഹാനി ബാബു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, പ്രതികളെ വിചാരണ നടത്താതെ ദീർഘകാലം ജയിലില് ഇടുന്നതിനെതിരെ ബോംബൈ ഹൈക്കോടതി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതികളെ വിചാരണ കൂടാതെ ദീർഘകാലം തടവിലിടുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് കോടതി വിചാരണ പൂർത്തിയാക്കാന് കഴിയുന്നില്ലെങ്കില് കുറ്റാരോപിതർക്ക് ജാമ്യം നല്കണമെന്നും നിർദേശിച്ചു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി സാമൂഹിക പ്രവർത്തകന് റോണ വില്സണ്, സുധീർ ധവാളെ എന്നിവർക്ക് ജാമ്യം അനുവദിച്ച വിധിയിലായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.