ബെംഗളുരു: കുളിക്കുന്നതിനിടെ ഹീറ്ററില് നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം. നവംബര് 29 ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷന് പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം നടന്നത്. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു കൃഷ്ണമൂര്ത്തിയും ഭൂമികയും വിവാഹം കഴിച്ചത്. സംഭവം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ദമ്പതികള് വാടക വീട്ടിലേക്ക് താമസം മാറിയത്.
കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില് നിന്ന് ചോര്ന്ന വിഷാംശമുള്ള കാര്ബണ് മോണോക്സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില് ജീവനക്കാരനാണ് ഭൂമികയുടെ ഭര്ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള് ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം വീട്ടില് തിരിച്ചെത്തിയ കൃഷ്ണമൂര്ത്തി വാതിലില് മുട്ടിയിട്ടും ഫോണ് വിളിച്ചിട്ടും ഭൂമിക പ്രതികരിച്ചില്ല. തുടര്ന്ന് അയല്ക്കാരുടെ സഹായത്തോടെ വാതില് തുറന്നപ്പോഴാണ് കുളിമുറിയില് അബോധാവസ്ഥയില് ഭൂമികയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മദനായകനഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: 24 year old woman dies of suffocation from gas geyser leak