ജാർഖണ്ഡിൽ നിർണായക നീക്കം; ഹേമന്ത് സോറനും ഭാര്യയും ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

പുതിയ നീക്കത്തിന് പിന്നില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തർക്കങ്ങളാണെന്നും റിപ്പോർട്ട്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് വിവരം. പുതിയ നീക്കത്തിന് പിന്നില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തർക്കങ്ങളാണെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇൻഡ്യാ സഖ്യത്തിലെ കക്ഷിയാണ് ഹേമന്ത് സോഹൻ്റെ ജെഎംഎം.

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി 16 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ വൈകി. ഇത് സഖ്യവുമായുള്ള പാര്‍ട്ടിയുടെ ബന്ധം വഷളാക്കി.

ജാര്‍ഖണ്ഡ് വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്‌നം നല്‍കുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ജെഎംഎം ബിജെപിയുമായി അടുക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിന് പുറമേ ഇ ഡി കേസ് നിലനിൽക്കുന്നതും സോറനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സോറൻ ബിജെപിയോട് അടുക്കുന്നുവെന്ന വാർത്ത തള്ളി കോൺഗ്രസ് രംഗത്തെത്തി. ഹേമന്ത് സോറന്റെ ഡഹി യാത്ര ജാർഖണ്ഡ് വികസനത്തിന് വേണ്ടിയാണെന്ന് ജാർഖണ്ഡ് പിസിസി അധ്യക്ഷൻ കേശവ് മെഹ്‌തോ കമലേഷ് കോൺഗ്രസ് പറഞ്ഞു. മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേശവ് മെഹ്‌തോ വ്യക്തമാക്കി.

Content Highlights- Report says Hemant Soren and his wife held talks with BJP in Delhi

To advertise here,contact us