ചാവേർ ഉണ്ടെന്ന് ഭീഷണി സന്ദേശം; കുവൈത്തിൽനിന്നുള്ള വിമാനം മുംബൈയിൽ ഇറക്കി

പുലർച്ചെ 1.56ന് കുവൈത്തിൽനിന്ന് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി

മുംബൈ: കുവൈത്തിൽനിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ 'മനുഷ്യ ബോംബ്' ഭീഷണി സന്ദേശം. പിന്നാലെ വിമാനം അടിയന്തരമായി മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഇമെയിൽ മുഖാന്തിരം ബോംബ് ഭീഷണി എത്തിയത്.

ഫ്‌ളൈറ്റ് നമ്പർ 6E1234 വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 8.10ന് ലാൻഡ് ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ സംഘങ്ങൾ സജ്ജരായിരുന്നു.

വിമാനത്തിൽ ചാവേർ ഉണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിലെ ഉള്ളടക്കം. കുവൈത്തിൽനിന്നും പുലർച്ചെ 1.56നാണ് വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സന്ദേശം ലഭിച്ചതോടെ മുംബൈയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ ഇൻഡിഗോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലും യാത്രക്കാരുടെ ലഗേജിലുമടക്കം സുരക്ഷാ സംഘം പരിശോധന നടത്തുകയാണ്.

Content Highlights: Kuwait Hyderabad indigo flight diverted to Mumbai after bomb threat

To advertise here,contact us