ന്യൂഡല്ഹി: കോണ്ഗ്രസ് എംപി രേണുക ചൗധരി തിങ്കളാഴ്ച പാര്ലമെന്റിലെത്തിയത് തന്റെ വളര്ത്തുനായയുമായി. ചര്ച്ചയ്ക്കും വിവാദത്തിനും കാരണമായതോടെ മറുപടിയുമായി രേണുക രംഗത്തെത്തി.
നായ നിരുപദ്രവകാരിയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത് കടിക്കുന്നതിനെക്കുറിച്ച് ആര്ക്കെങ്കിലും ആശങ്കയുണ്ടെങ്കില് അതിന്റെ ആവശ്യമില്ലെന്നും കടിക്കുന്നവര് പാര്ലമെന്റിനുള്ളിലാണെന്നും അവര് പറഞ്ഞു.
'ഇത് എന്തിനാണ് പാര്ലമെന്റിനുള്ളില് ഒരു പ്രശ്നമാക്കുന്നത്? കടിക്കാന് കഴിയുന്നവര് പാര്ലമെന്റിനുള്ളിലുണ്ട്,' അവര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. സുരക്ഷാ ആശങ്കകളെക്കുറിച്ച് ചോദിച്ചപ്പോള്, 'എന്ത് സുരക്ഷാ ആശങ്കയെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്? നായയ്ക്കും ഒരു പാസ് കൊടുക്കൂ', എന്നായിരുന്നു അവരുടെ മറുപടി.
അതേസമയം, ബിജെപി രേണുക ചൗധരിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. എംപിമാര്ക്ക് നല്കുന്ന പ്രത്യേകാവകാശങ്ങളുടെ ദുരുപയോഗമാണിതെന്ന് എംപി ജഗദംബിക പാല് പറഞ്ഞു. കര്ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വളര്ത്തുമൃഗങ്ങളെ സഭയിലേക്ക് കൊണ്ടുവരാന് നിയമം ആരെയും അനുവദിക്കുന്നില്ല. ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും എംപി പറഞ്ഞു.
Content Highlights: congress mp Renuka Chowdhury brings her pet dog to parliament