ചെന്നൈ: സെന്യാർ ചുഴലിക്കാറ്റിന് ദുർബലമാകുന്നതിന് പിന്നാലെ ഇന്ത്യൻ തീരം ലക്ഷ്യമിട്ട് മറ്റൊരു ചുഴലിക്കാറ്റ്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപപ്പെടുന്ന ഡിറ്റ്വാ കേരളത്തിന് ഭീഷണിയല്ലെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാടിനും ആന്ധ്രയ്ക്കും പുറമേ പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അതേസമയം കേരള തീരത്ത് നാളെ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപംകൊള്ളുന് ചുഴലിക്കാറ്റിന്റെ ദിശ വടക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയാൽ കേരളത്തെയും ബാധിക്കുമായിരുന്നു. നിലവിൽ വടക്കോട്ടാണ് കാറ്റിന്റെ സഞ്ചാരം. അതേസമയം ചുഴലിക്കാറ്റ് കടന്നു പോകുന്ന തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, തഞ്ചാവൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്.
പുതിയ ചുഴലിക്കാറ്റിന് ഡിറ്റ്വാ എന്ന പേര് നിർദേശിച്ചത് യെമനാണ്. യെമനിലെ പ്രശസ്തമായ വിനോദസഞ്ചാര പ്രാധാന്യമുള്ള തടാകത്തിന്റെ പേരാണ് ഡിറ്റ്വാ. കേരളത്തിനെ സംബന്ധിച്ചടുത്തോളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കിഴക്കൻകാറ്റിന്റെ സ്വാധീനത്തിൽ തെക്കൻ ജില്ലകളിലൈ മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശമുണ്ട്.Content highlights: Senyar weakens Cyclone Ditwah to his indian coast soon