ന്യൂഡല്ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്ഐഎ കസ്റ്റഡിയിലുള്ള ഭീകസംഘത്തിലുള്ള മുസമ്മിലും ഷഹീനും ദമ്പതികളെന്ന് മൊഴി. ഭീകരാക്രമണം നടക്കുന്നതിന് മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. 2023 സെപ്തംബറില് താന് ഷഹീനെ വിവാഹം കഴിച്ചു എന്നാണ് മുസമില് എന്ഐഎയ്ക്ക് മൊഴി നല്കിയിരിക്കുന്നത്. ഷഹീന് തന്റെ സുഹൃത്തോ ഗേള്ഫ്രണ്ടോ അല്ല മറിച്ച് തന്റെ ഭാര്യയാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഷിയാ നിയമപ്രകാരം 5000രൂപയോളം മെഹര് നല്കിയാണ് വിവാഹം നടത്തിയതെന്നും ഇയാള് മൊഴി നല്കിയിട്ടുണ്ട്.
മുസമ്മിലിനും ഭാര്യ ഷഹീനും സ്ഫോടനം നടത്തിയ ഫരീദാബാദ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഫരീദാബാദിലെ അല്ഫലാഹ് സര്വകലാശാലയ്ക്ക് സമീപമുള്ള പള്ളിയില് വച്ചായിരുന്നു ഇവരുടെ വിവാഹം. ഇരുവരെയും അന്വേഷണ സംഘം നിലവില് കൂടുതല് ചോദ്യം ചെയ്ത് വരികയാണ്.
ജെയ്ഷെ സംഘടനയ്ക്കായി 28 ലക്ഷത്തോളം രൂപയാണ് ഷഹീന് സമാഹരിച്ചത്. ഈ പണം ഉപയോഗിച്ച് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങിയെന്നാണ് മൊഴി. സക്കാത്തായി ലഭിച്ച തുകയാണിതെന്നാണ് ഷഹീന്റെ വിശദീകരണം. ഷഹീന് നല്കിയ 6.5 ലക്ഷം രൂപ ഉപയോഗിച്ചാണ് മുസമ്മില് 2023ല് ആയുധങ്ങള് വാങ്ങിക്കൂട്ടിയത്. പിന്നീട് കഴിഞ്ഞ വര്ഷം ഇവര് നല്കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഫോഡ് എക്കോസ്പോര്ട്ട് കാറും ഇയാള് വാങ്ങി.
ജെയ്ഷെ സംഘം ബാരാമുള്ള, ശ്രീനഗര്, അനന്ത്നാഗ്, ഗന്ദേര്ബാഗ് എന്നിവിടങ്ങളില് 2016 മുതല് പ്രവര്ത്തിക്കുന്നുണ്ട്. പാകിസ്താനില് നിന്നുള്ള ചിലരുടെ നിര്ദേശ പ്രകാരമാണ് ഇവര് പ്രവര്ത്തിച്ചിരുന്നത്. മുസമ്മലിനും ഉമറിനുമടക്കം ആയുധങ്ങള് കൈമാറിയതിന് പിന്നിലും പാകിസ്താനില് നിന്നുള്ള ആളുകളാണെന്ന് വ്യക്തമായിട്ടുണ്ട്.
Content Highlights: Muzammil claimed that Dr Shaheen is his wife, married on Sep 2023