ക്ഷമ പറഞ്ഞേ മതിയാകൂ! ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്തെന്ന് പറഞ്ഞ ഹരിയാന ഡിജിപിക്ക് വക്കീൽ നോട്ടീസയച്ച് ഥാർ ഉടമ!

2023 ജനുവരിയിൽ 30 ലക്ഷം മുടക്കിയാണ് താൻ ഥാർ സ്വന്തമാക്കിയതെന്ന് പരാതിക്കാരൻ പറയുന്നു

ചണ്ഡീഗഡ്: ഥാർ ഓടിക്കുന്നവർക്കെല്ലാം ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ പി സിങിന് വക്കീൽ നോട്ടീസ് അയച്ച് ഒരു ഥാർ വാഹന ഉടമ. ഡിജിപി പൊതുസമക്ഷത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ക്ഷമാപണം നടത്തണമെന്നാണ് ഗുരുഗ്രാമിൽ നിന്നുള്ള ഥാർ ഉടമയുടെ ആവശ്യം. സാർവേ മിത്തർ എന്നയാളാണ് ഡിജിപി മാപ്പ് എഴുതി നൽകണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

നവംബർ എട്ടിന് നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ഭ്രാന്താണെന്ന് ഡിജിപി അഭിപ്രായപ്പെട്ടത്. വാഹന പരിശോധനയ്ക്കിടെ എല്ലാ വാഹനങ്ങളും തടയാറില്ല, പക്ഷേ ഥാറിനെ ഒഴിവാക്കാറില്ല. ഥാറോ ബുള്ളറ്റോ ഉപയോഗിക്കുന്നവരെ കാണുമ്പോൾ അവരുടെ മൈൻഡ് സെറ്റ് അറിയാൻ സാധിക്കും. ക്രിമിനൽ സ്വഭാവമുള്ളവരാണ് ഇവ ഉപയോഗിക്കുന്നത് എന്നടക്കമുള്ള പരാമർശമാണ് ഡിജിപി നടത്തിയത്.

2023 ജനുവരിയിൽ 30 ലക്ഷം മുടക്കിയാണ് താൻ ഥാർ സ്വന്തമാക്കിയതെന്ന് പരാതിക്കാരൻ പറയുന്നു. നിർമാണ ഗുണനിലവാരം, സുരക്ഷ ഫീച്ചറുകൾ, മികച്ച പ്രകടനം ഇവയെല്ലാം നോക്കിയാണ് വാഹനം വാങ്ങിയത്. എന്നാൽ ഡിജിപിയുടെ പ്രസ്താവന അപഹാസ്യവും അധിക്ഷേപം നിറഞ്ഞതുമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഡിജിപിയുടെ പ്രസ്താവന വൈറലായതിന് പിന്നാലെ അഭിനേതാവ് ഗുൽ പനാഗ് ഥാർ - ബുള്ളറ്റ് ഉടമകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. താനും ഇവ ഉപയോഗിക്കുന്നയാളാണെന്നും മികച്ച ബ്രാൻഡാണ് ഇവ രണ്ടുമെന്നും ഇത് ഉപയോഗിക്കുന്നവരെ ഇകഴ്ത്തിക്കാട്ടുന്നത് കൊണ്ട് ഒരു നേട്ടവുമില്ലെന്നും നടി പറഞ്ഞിരുന്നു.Content highlight: A Thar Owner send Legal notice to DGP who insulted thar and Bullet users

To advertise here,contact us