ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് റിപ്പോർട്ട്. നവംബർ 27ന് സെങ്കോട്ടയ്യൻ ടിവികെയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായാണ് ഗോപിചെട്ടിപാളയത്ത് നിന്നുള്ള ജനപ്രതിനിധിയായ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. സ്പീക്കർ എം അപ്പാവുവിനെ നേരിൽ കണ്ടായിരുന്നു സെങ്കോട്ടയ്യൻ്റെ രാജി സമർപ്പിച്ചത്. ഇതിനിടെ രാജികത്ത് സമർപ്പിക്കാൻ സെക്രട്ടറിയേറ്റിൽ എത്തിയ സെങ്കോട്ടയ്യൻ ഡിഎംകെയുടെ മുതിർന്ന നേതാവും മന്ത്രിയുമായ പി കെ ശേഖർ ബാബുവുമായി സ്പീക്കറുടെ മുറിയിൽ കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
എന്നാൽ കടുത്ത ഡിഎംകെ വിരുദ്ധനായ സെങ്കോട്ടയ്യന് മുന്നിലുള്ള ഏക വഴി ടിവികെയിൽ ചേരുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിമതരായ പനീർശെൽവത്തിനും ദിനകരനും എഐഎഡിഎംകെ അണികളിൽ പോലും വലിയ സ്വാധീനമില്ലാത്ത പശ്ചാത്തലത്തിൽ അവരുമായി കൂട്ടുചേരാൻ സെങ്കോട്ടയ്യൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയെക്കാൾ ഈ ഘട്ടത്തിൽ സെങ്കോട്ടയ്യൻ ടിവികെയെ തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സെങ്കോട്ടയ്യൻ ടിവികെയിൽ എത്തുന്നത് 2026ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വിജയ്യെ സംബന്ധിച്ച് നേട്ടമാണെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സെങ്കോട്ടയ്യന് തമിഴ്നാട്ടിലെ ഗ്രൗണ്ട് റിയാലിറ്റി ഏറ്റവും നന്നായി അറിയാമെന്നതും ടിവികെയ്ക്ക് നേട്ടമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിന് പുറമെ തമിഴ്നാടിൻ്റെ പടിഞ്ഞാറൻ മേഖലയിൽ സെങ്കോട്ടയ്യനുള്ള സ്വാധീനം ദ്രാവിഡ രാഷ്ട്രീയത്തിൽ കടന്ന് കയറാൻ പദ്ധതിയിടുന്ന ടിവികെയ്ക്ക് ഗുണമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ താഴെതട്ട് മുതലുള്ള പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തിയിരുന്നത് സെങ്കോട്ടയ്യനാണ്. എംജിആറിൻ്റെ അടുത്ത അനുയായിയായിരുന്ന സെങ്കോട്ടയ്യൻ ജയലളിതയുടെയും വിശ്വസ്തനായിരുന്നു. ഒമ്പത് തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സെങ്കോട്ടയ്യൻ എംജിആർ, ജയലളിത മന്ത്രിസഭകളിലും അംഗമായിരുന്നു. സർക്കാരിലും പാർട്ടിയിലും നിർണ്ണായക സ്ഥാനങ്ങൾ വഹിച്ച നേതാവ് കൂടിയാണ് സെങ്കോട്ടയ്യൻ.
എഐഎഡിഎംകെയിലെ അഭ്യന്തര സംഘർഷങ്ങൾക്ക് പിന്നാലെയാണ് സെങ്കോട്ടയ്യൻ പാർട്ടിയിൽ നിന്ന് പുറത്താകുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പുറത്താക്കിയ നേതാക്കളായ ഒ പനീർശെൽവം, റ്റി റ്റി വി ദിനകരൻ, വി കെ ശശികല എന്നിവരെ മടക്കി കൊണ്ടുവരണമെന്ന് സെങ്കോട്ടയ്യൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി നിരാകരിച്ചിരുന്നു. ആകസ്മികമായി, സെങ്കോട്ടയ്യൻ ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും പിന്നീട് ചെന്നൈയിൽ ധനമന്ത്രി നിർമ്മല സീതാരാമനെയും സന്ദർശിച്ചു. ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എഐഎഡിഎംകെ സഖ്യം പുതുക്കുന്നതെന്ന് ബിജെപി ഉറപ്പാക്കിയതെന്ന് പറയപ്പെടുന്നു. പളനിസ്വാമി ബിജെപിയുമായുള്ള സഖ്യം നിഷേധിച്ചാൽ പകരം വയ്ക്കാൻ സെങ്കോട്ടയ്യനെ പരിഗണിക്കുമെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതിനിടെ ആകസ്മികമായി സെങ്കോട്ടയ്യൻ ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും പിന്നീട് ചെന്നൈയിൽ ധനമന്ത്രി നിർമ്മല സീതാരാമനെയും സന്ദർശിച്ചിരുന്നു. ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എഐഎഡിഎംകെ സഖ്യം പുതുക്കുന്നത് ബിജെപി ഉറപ്പാക്കിയതെന്നാണ് പറയപ്പെടുന്നത്. പളനിസ്വാമി ബിജെപിയുമായുള്ള സഖ്യം നിഷേധിച്ചാൽ പകരം സെങ്കോട്ടയ്യനെ പരിഗണിക്കുമെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ ഈ ഘട്ടത്തിൽ സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ മീറ്റിംഗ് സെങ്കോട്ടയ്യന് രാഷ്ട്രീയമായി ഗുണം ചെയ്തില്ല. പാർട്ടിയിൽ ഒതുക്കുന്നുവെന്ന തോന്നൽ ശക്തമായതോടെ സെങ്കോട്ടയ്യൻ വാർത്താസമ്മേളനം വിളിച്ച് പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ പളനിസാമിക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ പളനിസാമി സെങ്കോട്ടയ്യനെ പാർട്ടി പദവികളിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഒക്ടോബർ 30ന് നടന്ന തേവർ ജയന്തി പരിപാടിയിൽ പങ്കെടുക്കാൻ പനീർശെൽവത്തെയും ദിനകരനെയും ക്ഷണിച്ചതിന് പിന്നാലെ സെങ്കോട്ടയ്യനെ എഐഎഡിഎംകെയിൽ പുറത്താക്കുകയായിരുന്നു.
Content Highlights: Reports Suggests that Senior leader Sengottaiyan expelled from AIADMK, to join Vijay's TVK