ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്രം പൂര്ണ്ണതയിലേക്ക്. ക്ഷേത്ര നിര്മാണം പൂര്ത്തീകരിച്ചതിൻ്റെ പ്രതീകമായി ആചാരപരമായ കൊടി ഉയര്ത്തല് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്വഹിക്കും. നാളെയാണ് പ്രധാനമന്ത്രി അയോധ്യയിലെത്തി കാവിക്കൊടി ഉയര്ത്തുക. രണ്ടാം 'പ്രാണപ്രതിഷ്ഠ' എന്ന് വിശേഷിപ്പിക്കുന്ന ചടങ്ങിന് ശേഷം മോദി ഭക്തരെ അഭിസംബോധന ചെയ്യും.
161 അടി ഉയരമുളള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില് 30 അടി ഉയരത്തിലാണ് കൊടി പാറിപ്പറക്കുക. ഓം, സൂര്യന്, മന്ദാരവും പാരിജാതവും ചേര്ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്ത കാവി നിറത്തിലുളള കൊടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്ത്തുക. 11.58-നും ഒരു മണിക്കും ഇടയിലുളള മുഹുര്ത്തത്തിലാകും ചടങ്ങ് നടക്കുക. വേദ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില് പ്രധാനമന്ത്രി പതാക ഉയര്ത്തുമ്പോള് ക്ഷേത്രമണികള് കൂട്ടത്തോടെ ചടങ്ങിൽ മുഴങ്ങുമെന്നാണ് റിപ്പോർട്ട്.
ആര്എസ്എസ് മേധാവി മോഹന് ഭാഗവത് ഉള്പ്പെടെ നിരവധി പ്രമുഖര് ചടങ്ങില് പങ്കെടുക്കും. 2020-ല് ആരംഭിച്ച അയോധ്യാ രാമക്ഷേത്ര നിര്മാണം 2024-ല് പൂര്ത്തിയായിരുന്നു. 2024 ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്ക്കും നേതൃത്വം നല്കിയിരുന്നത്. അഞ്ച് വയസുളള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. രാംലല്ല വിഗ്രഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള് പൂര്ത്തിയായത്.
Content Highlights: Ram temple in Ayodhya completion: PM Narendra Modi to hoist saffron flag tomorrow