ചരിത്ര നിയോഗവുമായി ഇന്ത്യയുടെ സ്വന്തം യുദ്ധക്കപ്പൽ; INS മാഹി കമ്മീഷൻ ചെയ്തു

മലബാർ തീരത്തെ ചരിത്രപ്രധാനമായ തീരദേശ നഗരമായ മാഹിയുടെ പേരിലാണ് കപ്പൽ അറിയപ്പെടുക

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ ഐഎൻഎസ് മാഹി നാവികസേന നീറ്റിലിറക്കി. കൊച്ചി കപ്പൽശാലയിൽ 80 ശതമാനവും തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ നിർമ്മിച്ചത്. മുംബൈ നേവൽ ബേസിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തത്. ഐഎൻഎസ് മാഹിയെ അവൾ എന്ന് അഭിസംബോധന ചെയ്താണ് കരസേനാ മേധാവി സംസാരിച്ചത്.

'ഐഎൻഎസ് മാഹിയിൽ ഇന്ന് ത്രിവർണപതാക ഉയരുമ്പോൾ, നാവികസേനയുടെ മാത്രം പ്രതീക്ഷയല്ല, രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് അവൾ വഹിക്കുന്നത്. അവളുടെ യാത്രകൾ സുരക്ഷിതമായിരിക്കട്ടെ, ലക്ഷ്യങ്ങൾ വിജയിക്കട്ടെ, അവളുടെ സംഘം ഇന്ത്യയെ സേവിക്കുന്നതിൽ ഉറച്ചുനിൽക്കട്ടെ' എന്നാണ് ചടങ്ങിൽ ദ്വിവേദി പറഞ്ഞത്. ഒപ്പം മുന്നോട്ടുള്ള ഓരോ ദൗത്യത്തിനും അദ്ദേഹം കമാൻഡിങ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആശംസകളും നേർന്നു.

മലബാർ തീരത്തെ ചരിത്രപ്രധാനമായ തീരദേശ നഗരമായ മാഹിയുടെ പേരിലാണ് കപ്പൽ അറിയപ്പെടുക. ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവലാണ് ഐഎൻഎസ് മാഹി. 78 മീറ്റർ നീളം, 1100 ടൺ ഭാരവുമുള്ള ഐഎൻഎസ് മാഹി ഡീസൽ എൻജിൻ വാട്ടർ ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം എന്നിവയിലാണ് പ്രവർത്തിക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേഷനുകൾക്കും അനുയോജ്യമായ രീതിയിലാണ് നിർമാണം.Content highlights: Indian Navy commissioned INs Mahe in Mumbai

To advertise here,contact us