ഡൽഹി സ്‌ഫോടനം: തിരിച്ചടി നേരിട്ട് കശ്മീർ താഴ്‌വരയിലെ ടൂറിസ്റ്റ് മേഖല

പഹൽഹാം ആക്രമണത്തെ തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രതിസന്ധിയിലായ കശ്മീർ താഴ്‌വരയ്ക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കശ്മീരിൽ നിന്നുള്ള യുവാക്കളുടെ പങ്ക് വ്യക്തമായതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പഹൽഹാം ആക്രമണത്തെ തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു.

താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ വരുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കുവച്ചതിന് പിന്നാലെയാണ് ഡൽഹി സ്‌ഫോടനത്തോടെ വീണ്ടും വിനോദസഞ്ചാര മേഖലയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.

' പഹൽഗാമിന് ശേഷം, ഡൽഹി സ്‌ഫോടനം ഞങ്ങളുടെ വിനോദസഞ്ചാര മേഖലയ്ക്ക് അടുത്ത തിരിച്ചടിയായിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം തീരെ കുറഞ്ഞു. വിചാരിച്ചതിലും വളരെയേറെ കുറവാണ് രേഖപ്പെടുത്തിയത്' കശ്മീരിലെ ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജാദ് ക്രൽയാരി പറയുന്നു.

ഡൽഹി സ്‌ഫോടനത്തിൽ കശ്മീർ സ്വദേശികൾക്കുള്ള പങ്കും നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്‌ഫോടനവും മൂലവും ആളുകൾ കശ്മീരിലേക്ക് വരാൻ മടിക്കുന്നതായും സജാദ് പറയുന്നു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ജമ്മുകശ്മീരിലെ അമ്പതോളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് ഇതിൽ 28 എണ്ണം വീണ്ടും സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. ഇതോടെ ആശ്വാസത്തിലായിരുന്നു ടൂർ ഓപ്പറേറ്റർമാർ. ഒക്ടോബറിൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ആസ്വദിക്കാൻ കൂടുതൽ പേർ എത്തുമെന്ന് കരുതിയിരിക്കേയാണ് അടുത്ത തിരിച്ചടി മേഖല നേരിട്ടിരിക്കുന്നത്. ഏപ്രിലിലെ ആക്രമണത്തിന് പിന്നാലെ സെപ്തംബർ - ഒക്ടോബർ കാലയളവിൽ സഞ്ചാരികളുടെ എണ്ണത്തിൽ ചെറിയ ചലനങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഹോട്ടലുകളിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ബുക്കിങ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു.

കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സന്ദർശനത്തിനെത്തിയത് ലക്ഷകണക്കിന് സഞ്ചാരികളാണ്. കഴിഞ്ഞ വർഷം 34. 98 ലക്ഷം പേർ ഹിമാലയൻ താഴ്‌വര സന്ദർശിച്ചപ്പോൾ 2023ൽ അത് 31.55 ലക്ഷവും 2022ൽ 26.73 ലക്ഷം സഞ്ചാരികളുമായിരുന്നു. പഹൽഗാം ആക്രമണം നടക്കുന്നതിന് മുമ്പ് ഈ വർഷം ആറു ലക്ഷത്തോളം പേർ കശ്മീരിൽ എത്തിയിരുന്നു. എന്നാൽ നിലവിൽ അത് ആയിരങ്ങളായി കുറഞ്ഞു. Content Highlights: another setback to Jammu Kashmir tourism after Red Fort incident

To advertise here,contact us