കൊൽക്കത്ത: തീവ്ര വോട്ടർ പട്ടിക പരിക്ഷകരണ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ പശ്ചിമബംഗാളിൽ പലതരം വിവാദങ്ങളാണ് ഉയർന്ന് വന്നത്. എന്നാൽ ഈ നടപടിയിലൂടെ 37 വർഷമായി കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് ബംഗാളിലെ പുരുലിയയിലെ ഒരു ഗ്രാമത്തിലെ കുടുംബം. വിവേക് ചക്രബർത്തി എന്നയാള് 1988ലാണ് വീട് വിട്ട് പോയത്. വർഷങ്ങളോളം അദ്ദേഹത്തെ തേടി പലയിടത്തും തിരഞ്ഞെങ്കിലും ചക്രബർത്തി കുടുംബത്തിന് നിരാശയായിരുന്നു ഫലം. ഒരു കെടാത്ത കനലായി മകനെ നഷ്ടപ്പെട്ട വേദനയുമായി ഏകദേശം നാലുപതിറ്റാണ്ടോളമാണ് വിവേകിന്റെ മാതാപിതാക്കൾ കഴിച്ചുകൂട്ടിയത്.
പക്ഷേ വിധി മറ്റൊരു ട്വിസ്റ്റാണ് ഒരുക്കി വച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ SIR നടപടികളാണ് വിവേകിന് വീണ്ടും കുടുംബവുമായി ഒന്നുചേരാനുള്ള അവസരം തുറന്ന്കൊടുത്തത്. വിവേകിന്റെ ഇളയ സഹോദരൻ പ്രദീപ് ചക്രബർത്തി പ്രദേശത്തെ ബിഎൽഒയാണ്. SIRന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരും ഫോൺ നമ്പറും പ്രദേശത്ത് വിതരണം ചെയ്ത ഇന്യൂമറേഷൻ ഫോമിൽ പ്രിന്റ് ചെയ്തിരുന്നു. പിന്നാലെ ഒരു ഫോൺ കോളിലൂടെയാണ് എല്ലാം മാറിമറിഞ്ഞത്.
വിവേകിന്റെ മകൻ, കൊൽക്കത്തയിലാണ് താമസിക്കുന്നത്. ബിഎൽഒയുമായി തനിക്കുള്ള ബന്ധമൊന്നും അറിയാതെ അയാൾ പ്രദീപിനെ ബന്ധപ്പെട്ടു. ഔദ്യോഗികമായ കാര്യങ്ങൾക്കായി ആരംഭിച്ച സംഭാഷണം പിന്നീട് കുടുംബത്തെ കുറിച്ചുള്ള സംസാരമായി. ഇതോടെയാണ് പ്രദീപിന് തന്നെ വിളിച്ച ആൾ ആരാണെന്ന് മനസിലാവുന്നത്. അവസാനമായി മൂത്ത ജ്യേഷ്ഠൻ വീട്ടിലെത്തിയത് 1988ലാണെന്നും പിന്നീട് അദ്ദേഹത്തെ കാണാതായെന്നും പ്രദീപ് വിളിച്ചയാളോട് പറയുകയായിരുന്നു.
"കാരണമെന്താണെന്ന് വ്യക്തമല്ല പക്ഷേ കുടുബവുമായുള്ള എല്ലാ ബന്ധവും വിവേക് ഉപേക്ഷിച്ചു. ചിലപ്പോഴത് എന്തിന്റെയെങ്കിലും തെറ്റിദ്ധാരണയുടെ പേരിലാകാം. കുറേ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാര്യങ്ങൾ കൂടുതൽ സംസാരിച്ചപ്പോഴാണ് തന്റെ അനന്തരവനോടാണ് സംസാരിക്കുന്നതെന്ന് വ്യക്തമായ"തെന്നും പ്രദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അനന്തരവനുമായുള്ള സംഭാഷണത്തിനിടയിൽ 37 വർഷങ്ങൾക്ക് ശേഷം വിവേകുമായും പ്രദീപ് ഫോണില് സംസാരിച്ചു. ഒടുവിൽ ദീർഘകാലത്തിന് ശേഷം വിവേക് തന്റെ വീട്ടിൽ തിരികെ എത്തി എല്ലാവരെയും സന്ദർശിച്ചു. വികാരഭരിതനായ വിവേക് ചക്രബർത്തി SIR നടപടികൾക്കാണ് എല്ലാ നന്ദിയും പറയുന്നത്.
ഒരു വശത്ത് SIRനെ കുറിച്ചുള്ള വേവലാതികൾ ചർച്ചയാകുമ്പോൾ മറുവശത്ത് ഒരു കുടുംബം മുഴുവൻ തങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ വ്യക്തി തിരികെ എത്തിയ സന്തോഷത്തിലാണ്.
Content Highlights: Through SIR after 37 years man reunited with family