ന്യൂഡല്ഹി: കര്ണാടക മുഖ്യമന്ത്രി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെ. അന്തിമ തീരുമാനം ഹൈക്കമാന്ഡ് എടുക്കുമെന്ന് ഖര്ഗെ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി തൊട്ടടുത്ത ദിവസമാണ് ഖര്ഗെയുടെ പ്രതികരണം. ഒരാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
'സംഭവിക്കുന്ന കാര്യങ്ങളില് പ്രതികരിക്കാനില്ല. അതിനാല് നിങ്ങള് ഇവിടെ നില്ക്കുന്നത് സമയം പാഴാക്കലാണ്. അതില് എനിക്കും വിഷമം ഉണ്ട്. എന്തു തന്നെയായിക്കൊള്ളട്ടെ, ഹൈക്കമാന്ഡ് അന്തിമ തീരുമാനം എടുക്കും. നിങ്ങള് അതേക്കുറിച്ചോര്ത്ത് ആശങ്കപ്പെടേണ്ടതില്ല', വസതിക്ക് മുന്നില് പ്രതികരണം തേടിയ മാധ്യമപ്രവര്ത്തകരോടായി ഖര്ഗെ പറഞ്ഞു.
അതേസമയം കര്ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും ഭാവിയില് സംസ്ഥാന ബജറ്റുകള് അവതരിപ്പിക്കുമെന്നുമാണ് സിദ്ധരാമയ്യ വിഷയത്തില് ഒടുവില് പ്രതികരിച്ചത്. നേതൃമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ സര്ക്കാര് പുനഃസംഘടനയോ സംബന്ധിച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡാണ് തീരുമാനമെടുക്കേണ്ടത്. തന്റെ പ്രസ്താവനയില് നിന്നും പിന്നോട്ട് പോയിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്പ് പറഞ്ഞ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കിയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.
എന്നാല് നേതൃമാറ്റത്തിനായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര് ക്യാമ്പ് ഹൈക്കമാന്ഡിന് മേല് സമ്മര്ദ്ദം ചെലുത്തുന്നുണ്ട്. 2023 ല് ഉണ്ടാക്കിയ അധികാര പങ്കിടല് കരാറിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മുഖ്യമന്ത്രി പദവി പങ്കിടല് ആവശ്യം ശക്തമാക്കാനായി ഡി കെ പാളയത്തിലെ എംഎല്എമാര് ഹൈക്കമാന്ഡിനെ കണ്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോടാണ് താന് വിഭാഗീയതയുടെ ആളല്ലെന്ന ഡി കെ ശിവകുമാറിന്റെ പ്രതികരണം. താന് 140 എംഎല്എമാരുടെയും പ്രസിഡന്റ് ആണെന്നും അവരെല്ലാം തനിക്ക് പ്രിയപ്പെട്ടവരാണെന്നും ഡി കെ പ്രതികരിച്ചിരുന്നു. ഒരു ഗ്രൂപ്പോ വിഭാഗീയതയോ സൃഷ്ടിക്കുന്നത് തന്റെ രക്തത്തിലില്ലെന്നും ഡി കെ ശിവകുമാര് പറഞ്ഞിരുന്നു.
Content Highlights: Karnataka power tussle Nothing To Say Said mallikarjun kharge