ഡെപ്യൂട്ടി സ്പീക്കറെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കി ഹൈക്കമാന്‍ഡ്

കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് മുന്‍ പിസിസി പിരിച്ചു വിട്ടിരുന്നു.

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വിനയ് കുമാറിനെ ഹിമാചല്‍ പ്രദേശ് പിസിസി അദ്ധ്യക്ഷനായി നിയമിച്ചു. സംസ്ഥാനത്തെ ഡെപ്യൂട്ടി സ്പീക്കറാണ്. ശ്രീ രേണുകാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് വിനയ്കുമാര്‍. മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചായി മൂന്ന് തവണ വിജയിച്ചെത്തിയതോടെയാണ് വിനയ് കുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി പാര്‍ട്ടി തീരുമാനിച്ചത്. പിസിസി അദ്ധ്യക്ഷനായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വിനയ് കുമാര്‍ രാജിവെച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് മുന്‍ പിസിസി പിരിച്ചു വിട്ടിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴാണ് പുതിയ അദ്ധ്യക്ഷനെ നിയോഗിച്ചത്. പിസിസി അദ്ധ്യക്ഷനായി വിനയ് കുമാറിനെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രഖ്യാപിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് അറിയിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രതിഭാ സിങിന്റെ സംഭാവനകള്‍ക്ക് പാര്‍ട്ടി നന്ദി രേഖപ്പെടുത്തുന്നതായി വേണുഗോപാല്‍ പറഞ്ഞു.

പിസിസി പിരിച്ചുവിട്ടെങ്കിലും പ്രതിഭാ സിങിനോട് അദ്ധ്യക്ഷ പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയാണ് പ്രതിഭ.

നേരത്തെ പിസിസി വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള വിനയ് കുമാര്‍ വീരഭദ്ര സിങിന്റെ വിശ്വസ്തനായിരുന്നു. വീരഭദ്ര സിങിന്റെ കുടുംബത്തെ പിന്തുണക്കുന്ന ഒരു വിഭാഗവും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ പിന്തുണക്കുന്ന മറ്റൊരു വിഭാഗവുമാണ് സംസ്ഥാന കോണ്‍ഗ്രസിലുള്ളത്. പാര്‍ട്ടിയിലെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് വീരഭദ്ര സിങിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിനയ് കുമാറിനെ പിസിസി അദ്ധ്യക്ഷനാക്കിയത്.

Content Highlights: Congress appoints Vinay Kumar as new Himachal PCC chief

To advertise here,contact us