ലക്നൗ: വിവാഹം കഴിക്കാന് നിര്ബന്ധിച്ച വയോധികയെ കൊലപ്പെടുത്തി നാല്പ്പത്തിയഞ്ചുകാരന്. ഉത്തര് പ്രദേശിലെ ഹഥ്റസ് ജില്ലയിലാണ് സംഭവം. അറുപതുകാരിയായ പശ്ചിമബംഗാള് സ്വദേശി ജോഷിനയാണ് കൊല്ലപ്പെട്ടത്. നവംബര് പതിനാലിന് ഹഥ്റസിലെ ചാന്ദ്പയിലെ റോഡരികില് ജോഷിനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന് അറസ്റ്റിലായി. ജോഷിന വിവാഹം കഴിക്കാന് നിര്ബന്ധിച്ചതോടെയാണ് ഇമ്രാന് അവരെ കൊലപ്പെടുത്തിയതെന്ന് യുപി പൊലീസ് പറഞ്ഞു.
ജോഷിനയുടെ മകള് മുംതാസിന്റെ വിവാഹം ആഗ്ര സ്വദേശിയായ സത്താറുമായി ഏര്പ്പാടാക്കിയത് ഇമ്രാനായിരുന്നു. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കള് പശ്ചിമബംഗാളില് ജോഷിനയുടെ അയല്വാസികളായിരുന്നു. ബന്ധുക്കളെ സന്ദര്ശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മില് അടുപ്പത്തിലാവുകയായിരുന്നു. നവംബര് പത്തിന് ഇവര് മുംതാസിന്റെ വിവാഹത്തിനായി യുപിയിലെത്തി. തുടര്ന്ന് ഇമ്രാന്റെ വീട്ടിലെത്തിയ ജോഷിന തന്നെ വിവാഹം ചെയ്യണമെന്ന് ഇമ്രാനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല് ഭാര്യയും മക്കളുമുളള ഇമ്രാന് അതിന് തയ്യാറായില്ല.
തുടര്ന്ന് നവംബര് പതിമൂന്നിന് കൊല്ക്കത്തയില് തിരിച്ചുവിടാമെന്ന് പറഞ്ഞ് ജോഷിനയ്ക്കൊപ്പം ഇമ്രാന് യാത്ര തിരിച്ചു. ആഗ്രയിലേക്കുളള ബസില് കയറിയ ഇമ്രാന് ഹഥ്റസിലെ നഗ്ല ഭസ് ജംഗ്ഷനില് ജോഷിനയ്ക്കൊപ്പം ഇറങ്ങുകയും അവരെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം റോഡിലുപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. അഞ്ച് ജില്ലകളിലെ ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Content Highlights: 45 year old man kills 60 year old woman who forced him to marry her