ന്യൂഡല്ഹി: ഹിന്ദുക്കള് ഇല്ലെങ്കില് ലോകം തന്നെ ഇല്ലാതാകുമെന്ന് ആര്എസ്എസ് മേധാവി മോഹന് ഭാഗവത്. ലോകത്തെ സുസ്ഥിരമാക്കി നിലനിര്ത്തുന്ന സുപ്രധാന ഘടകം ഹിന്ദുവാണെന്നും ഹിന്ദുസമൂഹം അമൂര്ത്തമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദര്ശനത്തിനെത്തിയ മോഹന് ഭാഗവത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു നിലപാട് പറഞ്ഞത്.
'സാഹചര്യങ്ങള് വന്നു പോകും. ലോകത്ത് എല്ലാ രാജ്യങ്ങള്ക്കും വ്യത്യസ്ത സാഹചര്യങ്ങളെ നേരിടേണ്ടി വന്നു. ചില രാഷ്ട്രങ്ങള് നശിച്ചു. യുനാന് (ഗ്രീസ്), മിസ്ര് (ഈജിപ്ത്), റോമ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചു. വ്യത്യസ്ത രാഷ്ട്രങ്ങളുടെ ഉയര്ച്ചയും തകര്ച്ചയും നമ്മള് കണ്ടു. പക്ഷേ നമ്മള് ഇപ്പോഴും ഇവിടെയുണ്ട്. അതുപോലെ തന്നെ തുടരും,' ആര്എസ്എസ് മേധാവി പറഞ്ഞു.
മണിപ്പൂര് സംഘര്ഷങ്ങള്ക്ക് ശേഷം മോഹന് ഭാഗവത് നടത്തുന്ന ആദ്യ സന്ദര്ശനമാണിത്. ഇന്ത്യയില് ആരും ഹിന്ദുവല്ലാത്തവരല്ലെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്വ്വികരുടെ പിന്ഗാമികളാണെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. സാമ്പത്തിക സ്വാശ്രയത്വത്തില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞ അദ്ദേഹം സൈനിക, വിജ്ഞാന ശേഷികള്ക്കൊപ്പം സാമ്പത്തിക ശക്തിയും രാഷ്ട്രനിര്മ്മാണത്തിന് അടിസ്ഥാനമാണെന്നും ഊന്നിപ്പറഞ്ഞു.
Content Highlights: RSS Chief Mohan Bhagwat says without Hindus world will cease to exist