അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ്റെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് താൽക്കാലിക സ്റ്റേ

അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ സിദ്ദിഖിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് പൊളിച്ചുമാറ്റാൻ മുവോ കന്റോൺമെന്റ് ബോർഡ് നവംബർ 19നാണ് നോട്ടീസ് നൽകിയത്

ഇൻഡോർ: അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള മൊവ് കന്റോൺമെന്റ് ബോർഡിന്റെ തീരുമാനം താൽക്കാലികമായി സ്റ്റേ ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. നിലവിൽ വീടിൻ്റെ ഉടമസ്ഥനും ഹർജിക്കാരനുമായ അബ്ദുൾ മജീദ് 15 ദിവസത്തിനുള്ളിൽ കന്റോൺമെന്റ് ബോർഡ് പുറപ്പെടുവിച്ച പൊളിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. മറുപടിയ്ക്കൊപ്പം ആവശ്യമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും ജസ്റ്റിസ് പ്രണയ് വർമ്മ നിർദ്ദേശിച്ചു.

അദ്ദേഹത്തിന്റെ മറുപടി സമർപ്പിച്ച ശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി ഈ വിഷയത്തിൽ അബ്ദുൾ മജീദിൻ്റെ വാദം കേൾക്കാൻ അർഹമായ അവസരം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത നടപടിക്രമം പൂർത്തിയാകുന്നതുവരെയും അത് ഹർജിക്കാരന് എതിരാണെങ്കിൽ തുടർന്നുള്ള പത്ത് ദിവസത്തേക്ക് അയാൾക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ സിദ്ദിഖിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് പൊളിച്ചുമാറ്റാൻ മുവോ കന്റോൺമെന്റ് ബോർഡ് നവംബർ 19നാണ് നോട്ടീസ് നൽകിയത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ആരുടെയും അനുമതിയില്ലാതെ നിർമ്മിച്ചതാണെന്നായിരുന്നു ആരോപണം. നിർമ്മാണം നീക്കം ചെയ്യാൻ ഹർജിക്കാരന് മൂന്ന് ദിവസത്തെ സമയം മാത്രമേ കന്റോൺമെന്റ് ബോർഡ് നൽകിയിട്ടുള്ളൂവെന്ന് ഹര്ർജിക്കാരൻ കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായും ഹർജിക്കാരൻ്റെ വാദം കേൾക്കാൻ അവസരം നൽകാതെ തന്നെ ഉടൻ തന്നെ നീക്കം ചെയ്യാനുള്ള ഉത്തരവ് പാസാക്കിയതായും വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ വാദിച്ചു.

1996–97 കാലഘട്ടത്തിൽ ഹർജിക്കാരന് സമാനമായ നോട്ടീസ് നൽകിയിരുന്നുവെന്നും ഇപ്പോൾ പുതിയ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ നോട്ടീസ് പുറപ്പെടുവിച്ച തീയതി മുതൽ ഏകദേശം 30 വർഷത്തിനുശേഷം ഹർജിക്കാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കിൽ, അദ്ദേഹത്തിന് വാദം കേൾക്കാൻ അവസരം നൽകണമായിരുന്നു എന്നായിരുന്നു കോടതി നിരീക്ഷണം.

ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ അജയ് ബഗാഡിയയും അഭിഭാഷകൻ ശ്രീ റിസ്വാൻ ഖാനും ഹാജരായി. എതിർഭാഗത്തിന് വേണ്ടി അഭിഭാഷകൻ അശുതോഷ് നിംഗാവ്കർ ഹാജരായി.

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ പ്രൊഫഷണലുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സർവകലാശാലയിൽ വ്യാപകമായ പരിശോധനയ്ക്ക് നടത്തിയിരുന്നു. സർവകലാശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിദ്ദിഖി നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലാണ്.

Content Highlight: Madhya Pradesh High Court temporarily stays demolition of Al Falah University founder’s ancestral home

To advertise here,contact us