ബെംഗളൂരു: കര്ണ്ണാടകയില് മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് നടക്കുന്ന അസ്വാരസ്യങ്ങള്ക്കിടെ സിദ്ധരാമയ്യയ്ക്ക് ആശംസകള് നേര്ന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്. സിദ്ധരാമയ്യയ്ക്ക് ആശംസകള് നേര്ന്ന ഡി കെ വിഭാഗീയത സൃഷ്ടിക്കുന്നത് തന്റെ രക്തത്തില് ഇല്ലെന്നും പറഞ്ഞു.
'മുഖ്യമന്ത്രി പദവിയില് കാലാവധി പൂര്ത്തിയാക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അദ്ദേഹത്തിന് ആശംസകള് നേരുന്നു', എന്നായിരുന്നു കര്ണ്ണാടക കോണ്ഗ്രസ് അധ്യക്ഷന് കൂടിയായ ഡി കെ ശിവകുമാര് പ്രതികരിച്ചത്.
മുഖ്യമന്ത്രി പദവി പങ്കിടല് ആവശ്യം ശക്തമാക്കാനായി ഡി കെ പാളയത്തിലെ എംഎല്എമാര് ഹൈക്കമാന്ഡിനെ കണ്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോടാണ് താന് വിഭാഗീയതയുടെ ആളല്ലെന്ന ഡി കെ ശിവകുമാറിന്റെ പ്രതികരണം. താന് 140 എംഎല്എമാരുടെയും പ്രസിഡന്റ് ആണെന്നും അവരെല്ലാം തനിക്ക് പ്രിയപ്പെട്ടവരാണെന്നും ഡി കെ പറഞ്ഞു. ഒരു ഗ്രൂപ്പോ വിഭാഗീയതയോ സൃഷ്ടിക്കുന്നത് തന്റെ രക്തത്തിലില്ലെന്നും ഡി കെ ശിവകുമാര് പറഞ്ഞു. സിദ്ധരാമയ്യയ്ക്കൊപ്പം ചില മന്ത്രിമാര് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗയെ കണ്ടതായും ഡി കെ ശിവകുമാര് സൂചിപ്പിച്ചു.
'ഞാന് ആരെയും ഡല്ഹിയിലേക്ക് കൊണ്ടുപോയിട്ടില്ല. ചിലര് മുഖ്യമന്ത്രിക്കൊപ്പം ഡല്ഹിയിലെത്തി ഖര്ഗയെ കണ്ടു. എന്നാല് ചിലര് സ്വമേധയാ മുഖം കാണിക്കാനും, സാന്നിധ്യം ഉറപ്പിക്കാനും പോയി', ഡി കെ ശിവകുമാര് പറഞ്ഞു. അതിനിടെ കര്ണാടക കോണ്ഗ്രസിലെ കപാലം അവസാനിപ്പിക്കണം എന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. എംഎല്എമാര് പരസ്യപ്രതികരണം നടത്തുന്നത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ഇന്ന് ബെംഗളൂരുവില് ഖര്ഗെയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും.
Content Highlights: Fraction is not in my blood D K Shivkumar about Karnataka CM discussion