'മാപ്പ്! അമ്മയെന്നോട് ക്ഷമിക്കണം, അവയവങ്ങൾ ദാനം ചെയ്യണം': മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി 16കാരന്‍

കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സഹപാഠി പറഞ്ഞതായി മാതാപിതാക്കൾ ആരോപിക്കുന്നു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി. അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലിനും മറ്റ് മൂന്നു അധ്യാപകർക്കുമെതിരെ ഗുരുതരമായ ആരോപണമാണ് കത്തിലുള്ളത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് കത്തിൽ പറയുന്നുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിന് പരാതി നൽകി.

ആത്മഹത്യാക്കുറിപ്പിൽ എല്ലായിപ്പോഴും തന്നെ പിന്തുണച്ച അമ്മയോട് ക്ഷമാപണം നടത്തുകയാണ് കുട്ടി. സ്‌കൂളിൽ നടക്കുന്ന കാര്യങ്ങളിൽ മൂലം തനിക്ക് വേറെ മാർഗമില്ലെന്നും മറ്റൊരു വിദ്യാർഥിക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി ഉണ്ടാവമെന്നും കത്തിൽ പറയുന്നുണ്ട്.

'ഈ കത്ത് ലഭിക്കുന്നവർ ഇതിലെ ഫോൺ നമ്പറിൽ വിളിക്കണം. പല തവണ അമ്മയുടെ ഹൃദയം വേദനിപ്പിച്ചിട്ടുണ്ട്. ഇത് അവസാനത്തേതാണ്, അമ്മ ക്ഷമിക്കണം. സ്‌കൂളിലെ അധ്യാപകരൊക്കെ എന്താ ഇങ്ങനെ, ഞാൻ എന്ത് പറയാനാണ്? - കത്തിൽ പറയുന്നു. ഒപ്പം തന്റെ അവയവങ്ങൾ പ്രവർത്തനക്ഷമമാണെങ്കിൽ അത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണമെന്നും 20 വയസുള്ള ജ്യേഷ്ഠനോട് ദേഷ്യപ്പെട്ടതിനും അച്ഛനെ പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും കുട്ടി കത്തിൽ മാപ്പ് അപേക്ഷിക്കുന്നുമുണ്ട്. തന്നെ എപ്പോഴും പിന്തുണച്ച അമ്മയ്ക്ക് നന്ദി പറയുന്നതിനൊപ്പം ജ്യേഷ്ഠനും പിതാവിനുമായി അത് തുടരണമെന്നും കത്തിൽ വിദ്യാർഥി ആവശ്യപ്പെടുന്നുണ്ട്.

ചൊവ്വാഴ്ച രാവില 7.15നാണ് മകൻ എന്നത്തേയും പോലെ സ്‌കൂളിലേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയിൽ മകനെ കണ്ടെത്തിയെന്ന ഒരു ഫോൺകോൾ തനിക്ക് ലഭിച്ചതെന്നും പിതാവ് പറയുന്നു. വിളിച്ച ആളോട് മകനെ ബിഎൽ കപൂർ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞു. പിന്നാലെ ആശുപത്രിയിലെത്തിയപ്പോഴേക്കും മകൻ മരിച്ചെന്ന വിവരമാണ് അറിഞ്ഞതെന്നും പിതാവ് പറയുന്നു. മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് വിദ്യാർഥി ചാടിയത്. കഴിഞ്ഞ നാലു ദിവസമായി കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സഹപാഠി പറഞ്ഞതായി മാതാപിതാക്കൾ ആരോപിക്കുന്നു.

ഒരിക്കൽ ആരോപണ വിധേയയായ ഒരു അധ്യാപിക , നാടക ക്ലാസിൽ അഭിനയിക്കുന്നതിനിടയിൽ വീണപ്പോൾ അമിതാഭിനയമാണെന്ന് പറഞ്ഞത് കുട്ടിയെ അപമാനിച്ചെന്നും പിതാവ് പറയുന്നു. മകൻ അധ്യാപകരെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്ന് സ്‌കൂളിൽ പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസിലെ പരീക്ഷ വരുന്നതിനാലാണ് കൂടുതൽ നടപടികൾ സ്വീകരിക്കാഞ്ഞതെന്നും ഇരുപത് മാർക്കോളം ലഭിക്കേണ്ടത് സ്‌കൂളിൽ നിന്നാണെന്നും പിതാവ് പറയുന്നു.Content Highlights: Student committed suicide by jumping from metro station platform in Delhi

To advertise here,contact us