നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ, വിജയ് കുമാര്‍ ചൗധരി തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു.

നിതീഷിനെ എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവായും എന്‍ഡിഎ യോഗം തെരഞ്ഞെടുത്തിരുന്നു. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍, ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ, എച്ച്എഎം (എസ്) അധ്യക്ഷന്‍ സന്തോഷ് കുമാര്‍ സോമന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്സ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് എന്‍ഡിഎയുടെ നേതാവായി നിതീഷിനെ തെരഞ്ഞെടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്. പിന്നാലെ ഏകകണ്ഠമായി നിതീഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്. പട്നയിലെ ആര്‍ജെഡി നിയമസഭാ കക്ഷിയോഗത്തിലാണ് തേജസ്വിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും തേജസ്വിയായിരുന്നു. എന്നാല്‍ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടേണ്ടിവന്നു. 243 നിയമസഭാ സീറ്റുകളില്‍ എന്‍ഡിഎ 202 സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ 89 സീറ്റ് ബിജെപി നേടിയപ്പോള്‍ 85 സീറ്റാണ് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു നേടിയത്. ആര്‍ജെഡി 25 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ വെറും ആറ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

Content Highlights: Nitish Kumar take Oath as Bihar CM in 10th time

To advertise here,contact us