അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവിൽ തുന്നലിന് പകരം പശ പുരട്ടി ഡോക്ടർ

മൂന്ന് മണിക്കൂറോളം സമയമെടുത്താണ് മുറിവിൽനിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റാനായത്

ലഖ്‌നൗ: കുട്ടിയുടെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറിൽ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയത്.

വീട്ടിൽ കളിക്കുന്നതിനിടെ കുട്ടിയുടെ തല ടേബിളിൽ ഇടിക്കുകയും നെറ്റിയിൽ മുറിവേൽക്കുകയുമായിരുന്നു. രക്തം വന്നതോടെ ഉടൻ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ഹോസ്പിറ്റലിൽ എത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങിക്കൊണ്ടുവരാൻ കുട്ടിയുടെ കൂടെ എത്തിയവരോട് ആവശ്യപ്പെടുകയായിരുന്നു. പശ വാങ്ങി നൽകിയതും ഡോക്ടർ ഇതെടുത്ത് കുട്ടിയുടെ മുറിവിൽ പുരട്ടി. വേദന സഹിക്കവയ്യാതെ കുട്ടി കരയാൻ തുടങ്ങിയതും വീട്ടുകാർ ഡോക്ടറോട് വിവരം തിരക്കി. എന്നാൽ കുട്ടി വേദനയിൽ പരിഭ്രാന്തനായതാണെന്നും വേദനകുറയുമെന്നുമാണ് അദ്ദേഹം കുടുംബത്തോട് പറഞ്ഞത്.

വേദന അസഹ്യമായതോടെ കുട്ടിയെ അന്നേദിവസം രാത്രിയിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് മുറിവിൽനിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റിയത്. മുറിവ് വൃത്തിയാക്കി ഡോക്ടർമാർ തുന്നലിടുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലും മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. വിഷയത്തിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചതായും തെളിവുകൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

Content Highlights: meerut doctor accused of using Fevikwik instead of stitches on boys wound

To advertise here,contact us